Home » Blog » Kerala » ”16 പേര് പോയി…പക്ഷേ ശരിക്കും നീയായിരുന്നു പോകേണ്ടിയിരുന്നത്, എടാ സുഡാപ്പി പോയി വേറെ വീട് നോക്ക്, നീ നരകിച്ച് ചാവും”; ഉരുൾപൊട്ടലിൽ ബന്ധുക്കളെ നഷ്ടമായ നൗഫലിനെതിരെ സിപിഎം അനുകൂലികളുടെ സൈബർ ആക്രമണം
13

കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ടൗൺഷിപ്പിൽ ലഭിച്ച വീട്ടിൽ വിള്ളലുണ്ടെന്നു പരാതിപ്പെട്ട വീട്ടുടമയായ മുണ്ടക്കൈ സ്വദേശി കെ.ടി നൗഫലിനെതിരെ രൂക്ഷമായ സൈബർ ആക്രമണം. സിപിഎം അനുകൂലികളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ആക്ഷേപമുന്നയിക്കുന്നത്. ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തുന്നവരുണ്ടെന്നും നൗഫൽ പറഞ്ഞു. കോൺഗ്രസിൽനിന്നു പണം വാങ്ങി നൗഫൽ നുണ പറയുകയാണെന്നാണു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഉരുൾപൊട്ടൽ ദുരന്തത്തിൽ 16 ബന്ധുക്കളെയാണു നൗഫലിനു നഷ്ടപ്പെട്ടത്. പുതുതായി നിർമിച്ച വീടും ഒലിച്ചുപോയി. പ്രവാസിയായിരുന്ന നൗഫൽ ഇപ്പോൾ ഓട്ടോറിക്ഷ ഓടിച്ചാണു ജീവിക്കുന്നത്.

കഴിഞ്ഞ ദിവസം മന്ത്രി കെ.രാജൻ തന്നെ ടൗൺഷിപ്പിൽ നൗഫലിനു ലഭിച്ച വീട്ടിൽ നേരിട്ടെത്തി അദ്ദേഹത്തിന്റെ പരാതിയിൽ കഴമ്പില്ലെന്നു സ്ഥാപിക്കാൻ ശ്രമിച്ചു. മേൽക്കൂരയിൽനിന്നു വെള്ളം കിനിഞ്ഞിറങ്ങിയ ഭാഗത്ത് മാർക്കർ കൊണ്ട് അടയാളപ്പെടുത്തിയ ഭാഗം ചുരണ്ടിക്കളഞ്ഞാണു കെ.രാജൻ വീടിനു വിള്ളലില്ലെന്ന് അവകാശപ്പെട്ടത്. എന്നാൽ, വിള്ളൽ വ്യക്തമായി കാണാനാകുന്ന അടുത്ത മുറിയിലേക്കു മന്ത്രി പോയതുമില്ല. വീട്ടിൽ വന്നിട്ടും തന്നെ കാണാനോ പരാതി കേൾക്കാനോ മന്ത്രി തയാറായില്ലെന്നും നൗഫൽ പറഞ്ഞു.

”16 പേര് പോയി…പക്ഷേ ശരിക്കും നീ പോയിരുന്നേൽ നന്നായിരുന്നു, എടാ സുഡാപ്പി പോയി വേറെ നോക്ക്, നീ നരകിച്ച് ചാവും”- തുടങ്ങി കടുത്ത അധിക്ഷേപങ്ങളാണ് നൗഫലിനെതിരെ ഉയരുന്നത്.

നിർമാണത്തിലെ പോരായ്മകൾ തുറന്നുപറയുകയും അത് വലിയ വാർത്തയാവുകയും ചെയ്തതോടെയാണ് നൗഫലിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത്. കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് നേതാക്കൾക്കൊപ്പം നൗഫൽ മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിനെ തുടർന്ന് നൗഫൽ യൂത്ത് കോൺഗ്രസുകാരനാണെന്ന് ആരോപിച്ചും വിമർശനമുണ്ട്. ഇന്നലെ ടൗൺഷിപ്പിലെത്തിയ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് നൗഫലിനു കക്ഷി രാഷ്ട്രീയ താൽപര്യമുണ്ടെന്ന മട്ടിൽ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.