Home » Blog » Kerala » തൃണമൂൽ വിട്ട് പി.വി അൻവർ; പുതിയ പാർട്ടി രൂപീകരിക്കും
12

കൊച്ചി: തൃണമൂൽ കോൺ​ഗ്രസ് വിട്ട് പി.വി അൻവർ. സംസ്ഥാന കൺവീനർ സ്ഥാനം രാജിവെച്ചു. കളമശ്ശേരിയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആണ് തീരുമാനം. കോൺഗ്രസുമായി സഹകരിച്ചു മുന്നോട്ട് പോകും. രണ്ടാഴ്ചക്ക് ശേഷം ഭാവി പരിപാടി പ്രഖ്യാപിക്കുമെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

തൃണമുലിൽ നിന്ന് ഒരു ഘട്ടത്തിലും പിന്തുണ ലഭിച്ചില്ലെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ഒന്നര വർഷമായി നന്നായി പ്രവർത്തിച്ചിട്ടും ഫലം ഉണ്ടായില്ല. കോൺഗ്രസുമായി സഹകരിക്കുന്നതിൽ പിന്തുണക്കുന്നതിൽ തൃണമൂൽ കോൺഗ്രസ്‌ എതിർപ്പ് പ്രകടിപ്പിച്ചു. ബേപ്പൂരിൽ ഒരു ദേശീയ നേതാവിനെ പോലും പ്രചാരണത്തിന് അയച്ചില്ല. കോൺഗ്രസുമായി സീറ്റ് പങ്കിടാൻ ആകില്ലെന്ന് വ്യക്തമാക്കി. സംസ്ഥാന പാർട്ടി രൂപവത്കരിക്കും. പാർട്ടിയുടെ പേരും മറ്റു കാര്യങ്ങളും മെയ്‌ 15 നകം തീരുമാനിക്കും. ചിഹ്നം പോലും അനുവദിക്കാൻ തയാറായില്ല. കോൺഗ്രസുമായി സഹകരിച്ചാൽ ബംഗാളിൽ തിരിച്ചടിയാകുമെന്ന് തൃണാമൂൽ ദേശീയ നേതൃത്വം വ്യക്തമാക്കിയതായും അൻവർ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (AlTC) കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്നു.

ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത്,തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ മുന്നോട്ടുപോകേണ്ടതില്ല എന്ന പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.ഇതോടുകൂടി ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കൺവീനർ എന്ന സ്ഥാനം ഞാൻ രാജിവെക്കുന്നതായും,തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും അറിയിക്കുന്നു.

സംസ്ഥാനത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ മതേതര – ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സംസ്ഥാന പാർട്ടിക്ക് രൂപം നൽകാനും,ദേശീയതലത്തിൽ രാഹുൽ ഗാന്ധിയും,ഇന്ത്യൻ നാഷണൽ കോൺഗ്രസും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയ ഘടനയുള്ള പുതിയ സംവിധാനം മെയ് രണ്ടാം വാരത്തോടുകൂടി പ്രഖ്യാപിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും മുഴുവൻ ജില്ലാ കമ്മിറ്റികളുടെയും പിന്തുണയോടെ തീരുമാനിച്ച വിവരം അറിയിക്കുന്നു.

ബാക്കി കാര്യങ്ങൾ അല്പസമയത്തിനകം നടക്കുന്ന വാർത്താസമ്മേളനത്തിൽ വിശദീകരിക്കും.