Home » Blog » Kerala » അധിക തീരുവ: ട്രംപിന് വൻ തിരിച്ചടി; ഈടാക്കിയ തുക തിരിച്ചു നല്‍കും

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയമവിരുദ്ധമായി ഈടാക്കിയതെന്ന് സുപ്രിം കോടതി വിധിച്ച അധിക തീരുവ തിരിച്ചു നല്‍കും. അനധികൃത തീരുവ തിരിച്ചുനല്‍കുന്നതിനുള്ള പ്രത്യേക വെബ് പോര്‍ട്ടല്‍ ഇന്ന് നിലവില്‍ വരും. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റീഫണ്ട് നടപടികളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഇതിനായി 100 ബില്യണ്‍ യുഎസ് ഡോളറോളം തിരികെ നല്‍കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

ഇറക്കുമതി സ്ഥാപനങ്ങള്‍ക്കും ബ്രോക്കര്‍മാര്‍ക്കും വെബ് പോര്‍ട്ടലിലൂടെ റീഫണ്ടിന് അപേക്ഷിക്കാം. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിഭാഗം ഇത് പരിശോധിച്ച് അനുമതി നല്‍കിയാല്‍ അമിതമായി ഈടാക്കിയ പണം 60 മുതല്‍ 90 ദിവസത്തിനുള്ളില്‍ തിരികെ അക്കൗണ്ടിലെത്തും. കമ്പനികള്‍ അവരുടെ ഷിപ്പ്‌മെന്റുകളും അടച്ച നികുതികളും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും നല്‍കേണ്ടതുണ്ട്. മൂന്ന് ലക്ഷത്തിലേറെ ഇറക്കുമതിക്കാര്‍ 166 ബില്യണിലേറെ ഡോളര്‍ നികുതിയായി നല്‍കിയിട്ടുണ്ടെന്നാണ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ കോടതിയെ അറിയിച്ചിരുന്നത്.

ഇന്ത്യയടക്കം വിവിധ രാജ്യങ്ങള്‍ക്ക് ട്രംപ് കനത്ത ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരായ ഹരജിയെ തുടര്‍ന്നാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രിം കോടതി ട്രംപിന്റെ തീരുമാനം റദ്ദാക്കിയത്. ദേശീയ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട 1977ലെ നിയമം ദുരുപയോഗം ചെയ്താണ് ട്രംപ് തീരുവ ഏര്‍പ്പെടുത്തിയതെന്നും പ്രസിഡന്റിന് ഇതിനുള്ള അധികാരമില്ലെന്നും വിധിച്ച സുപ്രിം കോടതി, അധികമായി ഈടാക്കിയ തീരുവ തിരികെ നല്‍കാനും ഉത്തരവിട്ടിരുന്നു.

നികുതി വര്‍ധനവ് ബാധിച്ച പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലാണ് യുഎസ് സുപ്രിം കോടതി വിധി പറഞ്ഞത്. ഇത് ട്രംപിന് കനത്ത തിരിച്ചടിയായിരുന്നു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ഇന്ത്യയുമായി ഇടഞ്ഞ ട്രംപ് ഇന്ത്യക്കുമേല്‍ പകരച്ചുങ്കവും ഏര്‍പ്പെടുത്തിയിരുന്നു.