പത്തനംതിട്ട: 12 വയസുകാരനെ നിർബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിച്ച ശേഷം പീഡിപ്പിച്ച പോക്സോ കേസിൽ പ്രതിയായ യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ദുരുദ്ദേശത്തോടെ സൗഹൃദം സ്ഥാപിച്ചശേഷമായിരുന്നു കുട്ടിയെ നിർബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തത്. സംഭവത്തിൽ നാരങ്ങാനം തോന്നിയാമല സ്വദേശി മധുമല ഉന്നതിയിൽ അശ്വിൻരാജ് (22) ആണ് അറസ്റ്റിലായത്.
കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയോട് പരിചയം സ്ഥാപിച്ച ശേഷം ഇയാൾ പലതവണ കഞ്ചാവ് ബീഡി നൽകുകയും വലിക്കാൻ നിർബന്ധിക്കുകയും ചെയ്തു. കുട്ടി ബീഡി ഉപയോഗിച്ചശേഷം ഇയാൾ മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിക്കുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. കുട്ടി എതിർത്തപ്പോൾ ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
ഇയാളുടെ നിർബന്ധത്തെ തുടർന്ന് പലതവണ കഞ്ചാവ് ബീഡി ഉപയോഗിച്ചതോടെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളും കഠിനമായ തലവേദനയുമുണ്ടായി. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ചികിത്സക്കിടെ ഡോക്ടറോടാണ് കുട്ടി കഞ്ചാവ് ഉപയോഗിച്ച കാര്യം പറഞ്ഞത്.
