ഹാർവാർഡിനെതിരായ ആക്രമണം കടുപ്പിച്ച് ട്രംപ്

വാഷിങ്ടണ്‍: വിദേശ വിദ്യാർത്ഥികളെ പ്രശ്നക്കാർ എന്ന് അധിക്ഷേപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹാർവാർഡ് സർവകലാശാലയിലും യുഎസിലെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദേശ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് 15 ശതമാനം പരിധി ഏർപ്പെടുത്തണമെന്ന് നിർദേശിക്കുകയും ചെയ്തു. വിദ്യാർത്ഥികളായി അമേരിക്കയിലേക്ക് വരുന്നവർ ‘നമ്മുടെ രാജ്യത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്’ കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഹാർവാർഡിനെതിരായ ആക്രമണം ട്രംപ് കടുപ്പിച്ചിരിക്കുകയാണ്. ഹാർവാർഡിൽ സർക്കാർ കോടിക്കണക്കിന് ഡോളറിന്റെ സഹായം മരവിപ്പിച്ചു.

ഉന്നത സ്ഥാപനങ്ങൾ വിദേശ വിദ്യാർത്ഥികളുടെ പട്ടിക ഭരണകൂടത്തെ കാണിക്കേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു- “ഹാർവാർഡ് അവരുടെ പ്രവേശന പട്ടിക ഞങ്ങളെ കാണിക്കണം. അവരുടെ വിദ്യാർത്ഥികളിൽ ഏകദേശം 31 ശതമാനവും വിദേശ വിദ്യാർത്ഥികളാണ്. ആ വിദ്യാർത്ഥികൾ എവിടെ നിന്നാണ് വരുന്നത്, അവർ കുഴപ്പക്കാരാണോ, അവർ ഏതൊക്കെ രാജ്യങ്ങളിൽ നിന്നാണ് വരുന്നത് എന്ന് ഞങ്ങൾക്ക് അറിയണം. ഈ രാജ്യങ്ങൾ ഞങ്ങളെ സഹായിക്കുന്നില്ല. അവർ ഹാർവാർഡിൽ നിക്ഷേപിക്കുന്നില്ല. എന്നിട്ടും 31 ശതമാനം വിദ്യാർത്ഥികൾ- എന്തുകൊണ്ടാണ് ഇത്രയും വലിയ സംഖ്യ? അവർക്ക് 31 ശതമാനമല്ല, ഏകദേശം 15 ശതമാനത്തിന്‍റെ പരിധി ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു”- ട്രംപ് പറഞ്ഞു.

“ഷോപ്പിംഗ് സെന്ററുകൾ പൊട്ടിത്തെറിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കലാപങ്ങൾ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞാൻ നിങ്ങളോട് പറയുന്നു ആ വിദ്യാർത്ഥികളിൽ പലരും തീവ്ര ഇടതുപക്ഷം മൂലമുണ്ടായ കുഴപ്പക്കാരായിരുന്നു”- ട്രംപ് ഓവൽ ഓഫീസിൽ വച്ച് പറഞ്ഞു. വിദേശ വിദ്യാർത്ഥികൾ അമേരിക്കക്കാർക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിന് തടസ്സമാവുകയാണെന്ന് ട്രംപ് ആരോപിച്ചു. ഹാർവാർഡിനെ ട്രംപ് ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്. അവർ 5 ബില്യൺ ഡോളറിലധികം തട്ടിയെടുത്തെന്ന് അധിക്ഷേപിക്കുകയും ചെയ്തു- “ഹാർവാർഡിലേക്കും മറ്റ് ഉന്നത സ്ഥാപനങ്ങളിലേക്കും പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നമുക്കുണ്ട്.

പക്ഷേ അവിടെ വിദേശ വിദ്യാർത്ഥികൾ കാരണം അവർക്ക് പ്രവേശനം ലഭിക്കുന്നില്ല. വിദേശ വിദ്യാർത്ഥികൾ നമ്മുടെ രാജ്യത്തോട് സ്നേഹമുള്ളവരാണെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു” ട്രംപ് അധികാരത്തിൽ വന്നതു മുതൽ കുടിയേറ്റക്കാർക്കും വിദേശ വിദ്യാർത്ഥികൾക്കുമെതിരെ കടുത്ത നിലപാടെടുത്തു. പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദേശ വിദ്യാർത്ഥികളുടെ വിസയും ഗ്രീൻ കാർഡുമെല്ലാം റദ്ദാക്കാൻ അദ്ദേഹത്തിന്റെ ഭരണകൂടം ശ്രമിച്ചു. ഇവരിൽ പലരെയും സംരക്ഷിച്ചത് കോടതി ഉത്തരവുകളാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *