Home » Blog » Kerala » ഹാലൻഡിന്റെ കാണാതായ സഹോദരിയാണോ? ഫുട്ബോൾ താരത്തിന്റെ അപരയെ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
images (63)

2026 ഫുട്‌ബോൾ ലോകകപ്പിൽ നോർവേയെ ക്വാർട്ടറിൽ എത്തിച്ച ഗോളടി യന്ത്രം എർലിങ് ഹാലൻഡ് കളിക്കളത്തിന് പുറത്തും വാർത്തകളിൽ നിറയുകയാണ്. തകർപ്പൻ പ്രകടനത്തിനൊപ്പം താരത്തിന്റെ ജീവിതരീതിയും ഡയറ്റും ആരാധകർക്കിടയിൽ ചർച്ചയാകുമ്പോൾ, സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഹാലൻഡിന്റെ മുഖസാദൃശ്യമുള്ള അപരന്മാരാണ്. കൗതുകകരമെന്നു പറയട്ടെ, പുരുഷന്മാർക്ക് പുറമെ സ്ത്രീകളിലും ഹാലൻഡിന്റെ രൂപസാദൃശ്യമുള്ളവർ ഉണ്ടെന്നതാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

 

എമ്മ കെയ്റ്റ് വിൽമാൻ എന്ന ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം റീലാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. ഫ്രഞ്ച് ബ്രൈഡ് ഹെയർസ്‌റ്റൈലിലുള്ള എമ്മയുടെ വീഡിയോ കണ്ട ആരാധകർ ശരിക്കും ഒന്ന് അമ്പരന്നു. നീണ്ട മുടിയും മുഖത്തിന്റെ ആകൃതിയും ഭാവങ്ങളുമെല്ലാം അപ്പാടെ ഹാലൻഡിനെപ്പോലെയെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പിക്കുന്നതായിരുന്നു ആ വീഡിയോ. ജൂൺ രണ്ടിന് പങ്കുവെച്ച വീഡിയോ ഇതിനോടകം നാല് കോടിയിലധികം പേരാണ് കണ്ടത്.

 

വൈറലായ ഈ വീഡിയോയ്ക്ക് ഹാലൻഡ് തന്നെ നേരിട്ട് മറുപടിയുമായി എത്തിയത് ആരാധകരെ ആവേശത്തിലാക്കി. തംപ്‌സ് അപ് ഇമോജിയോടൊപ്പം ‘ഹായ്’ എന്ന് ഹാലൻഡ് കമന്റ് ചെയ്തത് രണ്ട് ലക്ഷത്തിലധികം ലൈക്കുകളാണ് നേടിയത്. തുടർന്ന് തനിക്ക് ദിവസവും ആയിരക്കണക്കിന് പുതിയ ഫോളോവേഴ്‌സാണ് ലഭിക്കുന്നതെന്നും, കമന്റുകൾ മുഴുവൻ ഹാലൻഡിനെക്കുറിച്ചാണെന്നും വ്യക്തമാക്കിക്കൊണ്ട് എമ്മ കൂടുതൽ വീഡിയോകൾ പങ്കുവെച്ചു. താൻ ചാർലെസ്റ്റണിൽ നിന്നുള്ള ഒരു സാധാരണ പെൺകുട്ടിയാണെന്നും, എങ്കിലും ഹാളണ്ടുമായുള്ള സാമ്യത്തിൽ തനിക്ക് പരാതിയില്ലെന്നും എമ്മ തമാശരൂപേണ പ്രതികരിച്ചു.

 

ഹാലൻഡിന്റെ ‘കാണാതായ സഹോദരി’യാണോ ഇവരെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന രസകരമായ കമന്റുകളിൽ ഭൂരിഭാഗവും. എമ്മയ്ക്ക് പുറമെ ഫാഷൻ മോഡലായ ജൂലിയ ഗ്രോപ്പ്, റഷ്യക്കാരിയായ അനസ്താസ്യ കൊസ്‌ട്രോമിറ്റിന എന്നിവരും ഹാലൻഡിന്റെ അപരന്മാരായി സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്. അനിമേഷൻ സീരീസായ ഡ്രാഗൺ ബോൾ Z-ലെ ‘മജിൻ ബൂ’ എന്ന കഥാപാത്രവുമായും ഹാലൻഡിനെ ആരാധകർ താരതമ്യം ചെയ്യാറുണ്ട്. എന്തായാലും ലോകകപ്പ് വേദിയിൽ ഹാലൻഡ് ഗോൾ അടിച്ചു കൂട്ടുമ്പോൾ, ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ അപരന്മാർ ആരാധകരുടെ മനംകവരുകയാണ്.