തന്റെ മാതൃഭാഷ മലയാളമല്ലെന്നും ഇംഗ്ലീഷാണെന്നും തുറന്നുപറഞ്ഞ് പ്രിയ നടി ലെന. അമ്മ ആംഗ്ലോ-ഇന്ത്യൻ ആയതിനാൽ തങ്ങൾ വീട്ടിൽ ഇംഗ്ലീഷിലാണ് സംസാരിക്കുന്നതെന്നും താരം വ്യക്തമാക്കി. പിതാവിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലായിരുന്നു ജോലി എന്നതിനാൽ ഗുവാഹത്തി, കൊച്ചി, തൃശ്ശൂർ, ബോംബെ, ബാംഗ്ലൂർ തുടങ്ങി ഇന്ത്യയിലെ വിവിധ നഗരങ്ങളിലായാണ് താൻ വളർന്നത്. ഐ.സി.എസ്.ഇ സിലബസിൽ പഠിച്ചതിനാൽ തന്റെ രണ്ടാം ഭാഷ ഹിന്ദിയായിരുന്നു. അതുകൊണ്ടുതന്നെ മലയാള ഭാഷയിൽ തനിക്ക് വലിയ അറിവില്ലെന്നും എഴുതാനും വായിക്കാനും അറിയില്ലെന്നും ലെന പറഞ്ഞു. മലയാള സിനിമയിൽ വർഷങ്ങളായി ജോലി ചെയ്യുന്നതുകൊണ്ട് മാത്രമാണ് ഇപ്പോൾ നന്നായി മലയാളം സംസാരിക്കാൻ സാധിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ് മലയാളം സംസാരിച്ച് തുടങ്ങിയതെന്ന് ലെന വ്യക്തമാക്കി. സിനിമകളിൽ മറ്റ് ഭാഷകൾ കൈകാര്യം ചെയ്യുമ്പോൾ കൃത്യത പുലർത്തണമെന്ന് തനിക്ക് നിർബന്ധമുണ്ട്. ഹിന്ദി സംസാരിക്കുമ്പോൾ ഒരു മലയാളി ഹിന്ദി പറയുന്നതുപോലെയോ, തമിഴ് പറയുമ്പോൾ മറ്റ് ഭാഷകൾ കലരുന്നതുപോലെയോ ആകരുത്. അതുപോലെ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ അതിൽ മലയാളത്തിന്റെ ഉച്ചാരണ ശൈലി വരാതിരിക്കാൻ താൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും ലെന അഭിമുഖത്തിൽ പങ്കുവെച്ചു.
