Home » Blog » kerala Max » സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ നിർത്തിയത് ഞങ്ങളല്ല, നിങ്ങളാണ്; രേഖകൾ നിരത്തി സതീശന് ബാലഗോപാലിന്റെ മറുപടി
knbalagopal-680x450 (1)

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം നിർത്തലാക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ആനുകൂല്യം അവസാനിപ്പിച്ചത് എൽ.ഡി.എഫ് സർക്കാരല്ലെന്നും 2026 ജൂൺ ഒന്നുമുതൽ ലീവ് സറണ്ടർ അനുവദിക്കേണ്ടതില്ലെന്ന് ഉത്തരവിറക്കിയത് നിലവിലെ സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബാലഗോപാൽ മറുപടി നൽകിയത്.

2026 മാർച്ച് 15ലെ ഉത്തരവിലൂടെ ലീവ് സറണ്ടർ ആനുകൂല്യം മേയ് 31 വരെ നീട്ടിയിരുന്നുവെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി. എന്നാൽ ജൂൺ ഒന്നുമുതൽ ആനുകൂല്യം പുതുക്കാനുള്ള ഫയൽ മുഖ്യമന്ത്രി നിരസിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തുടർന്ന് ജൂൺ 11ലെ സർക്കുലറിലൂടെ പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ ലീവ് സറണ്ടർ അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്ന് സർക്കാർ നിർദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ലീവ് സറണ്ടർ വിഷയത്തിൽ പ്രസ്താവന നടത്തുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കണമെന്ന് ബാലഗോപാൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയങ്ങൾ പഠിച്ച് സംസാരിക്കാൻ അൽപസമയം ചെലവഴിക്കുന്നത് തെറ്റല്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇതോടെ സർക്കാർ ജീവനക്കാരുടെ ആനുകൂല്യത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വാക്പോര് വീണ്ടും ശക്തമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *