Your Image Description Your Image Description

ഐഎഎസ് എന്ന സ്വപ്നത്തിലേക്ക് പ്രേരണയായതെന്താണ്?, ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് പ്രതീക്ഷിച്ച രീതിയിലാണോ കലക്ടര്‍ പദവി?, നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്താണ്?, ഐഎഎസ് ഓഫീസര്‍ക്ക് ആവശ്യമായ ഏറ്റവും പ്രധാന ഗുണങ്ങള്‍ എന്തൊക്കെയാണ്…? കൗതുകവും ജിജ്ഞാസയും നിറഞ്ഞതായിരുന്നു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ‘മീറ്റ് ദി കലക്ടര്‍’ പരിപാടിയില്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍. യുഎസ്എസ് പരീക്ഷയില്‍ താമരശ്ശേരി ഉപജില്ലയില്‍ ആദ്യ 40 റാങ്കില്‍വന്ന എട്ട് മുതല്‍ പത്ത് വരെ ക്ലാസില്‍ പഠിക്കുന്ന ഗിഫ്റ്റഡ് ചില്‍ഡ്രനുമായുള്ള സംവാദത്തിലാണ് സ്വപ്‌ന നേട്ടങ്ങളിലേക്കുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഇവക്കെല്ലാം കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ ഉത്തരങ്ങളെല്ലാം ലളിതമായിരുന്നു. ഏറെ വൈവിധ്യം നിറഞ്ഞ മേഖലകളില്‍ ഇടപെടുന്നതിനും പഠിക്കുന്നതിനും ഭരണതലത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനും ഐഎഎസ് പദവിയിലൂടെ സാധിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച അനുഭവമായിരുന്നു കലക്ടറുമായുള്ള കൂടിക്കാഴ്ച. പരിപാടിയില്‍ ഹൈദരാബാദ് ഐഐഐടിയില്‍ പ്രവേശനം ലഭിച്ച ഗിഫ്റ്റഡ് ചൈല്‍ഡ് നീരജിന് കലക്ടര്‍ ഉപഹാരം നല്‍കി. വിഎസ്എസ്‌സിയില്‍ നടന്ന സ്റ്റുഡന്റ് ഔട്ട്റീച്ച് പരിപാടിയില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ശുഭാംശു ശുക്ലയുമായി സംസാരിച്ച സംഘത്തില്‍ ഉള്‍പ്പെട്ട നായര്‍കുഴി സ്‌കൂളിലെ സാംഘവി, കോക്കല്ലൂര്‍ സ്‌കൂളിലെ നിരഞ്ജന എന്നീ വിദ്യാര്‍ഥികളെയും പരിപാടിയില്‍ അനുമോദിച്ചു. പയമ്പ്ര സ്‌കൂളിലെ കാശിനാഥ് വരച്ച ചിത്രം കലക്ടര്‍ക്ക് കൈമാറി.

യുഎസ്എസ് ലഭിച്ച ഉപജില്ലയിലെ 40 വിദ്യര്‍ഥികള്‍ക്ക് ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സന്ദര്‍ശനം, പുസ്തക വിതരണം, ശാസ്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ച തുടങ്ങി വിവിധ പരിപാടികള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായായിരുന്നു കലക്ടറുമായുള്ള കൂടിക്കാഴ്ച. പരിപാടിയില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ യു കെ അബ്ദുന്നാസര്‍, കുന്നമംഗലം എഇഒ കെ രാജീവ്, താമരശ്ശേരി ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം കോഓഡിനേറ്റര്‍ പി ടി സിറാജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Related Posts