Your Image Description Your Image Description

 

സ്വന്തം വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് വേങ്ങൂർ നിവാസികളായ മൂന്ന് അമ്മമാർ. വേങ്ങൂർ ഗ്രാമപഞ്ചായത്ത് നിവാസികളായ അതിദരിദ്ര വിഭാഗത്തിൽപ്പെടുന്ന തങ്കമ്മ രാജപ്പൻ, അന്നമ്മ ഐസക്, കെ പി തങ്കമ്മ എന്നിവരുടെ ഏറെ നാളത്തെ സ്വപ്നമാണ് സംസ്‌ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയിലൂടെ സഫലമായത്.

വെട്ടിമൂലം വട്ടമറ്റം വീട്ടിൽ 83 വയസുകാരി അന്നമ്മ ഐസക് ഏറെ നാളായി പഴയ ഓടിട്ട വീട്ടിലായിരുന്നു താമസം. സ്വന്തമായി ആറ് സെന്റ് ഭൂമി ഉണ്ടായിട്ടും വീട് മാറ്റിപണിയാനുള്ള സാമ്പത്തികമില്ലാതെ വലയുകയായിരുന്നു അവർ. കാലുകൾ സുഖമില്ലാതെ യാത്ര സ്വകാര്യത്തിന് പോലും പരസഹായം ആവശ്യമുള്ള അന്നമ്മ രണ്ട് പെൺ മകളുടെ വിവാഹശേഷം ഒറ്റക്കാണ് താമസിക്കുന്നത്. ഭർത്താവ് മരിച്ച ഇവർ സർക്കാർ പെൻഷനും മകൾ നൽകുന്ന ചെറിയ സഹായങ്ങൾ കൊണ്ടുമാണ് മുന്നോട്ട് പോയികൊണ്ടിരുന്നത്. ഈ അവസരത്തിലാണ് സ്വന്തമായി ഒരു അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം ലൈഫ് ഭവന പദ്ധതിയിലൂടെ സഫലമായിരിക്കുന്നത്.

ക്രാരിയേലി സ്വദേശി പോറട്ടുകുടി വീട്ടിൽ 76 വയസ്സുകാരി കെ പി തങ്കമ്മ മാനസികബുദ്ധിമുട്ട് നേരിടുന്ന സഹോദരനൊപ്പം ഒറ്റയ്ക്കാണ് താമസം. തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ് ഇവരുടെ ഉപജീവന മാർഗം. സ്വന്തമായി ഏഴ് സെന്റ് സ്ഥലം ഉണ്ടായിട്ടും അടച്ചുറപുള്ള വീട് പണിയാൻ സാധിക്കാതിരുന്നതിനാൽ സഹോദരനൊപ്പം താമസിച്ചുവന്നിരികയായിരുന്നു ഇവർ.

തെക്കുമ്പുറം വീട്ടിൽ തങ്കമ്മ രാജപ്പന്റെ അവസ്ഥയും മറിച്ചല്ല. ഭർത്താവ് മരിച്ച് മക്കൾ ഇല്ലാതെ ഓടിട്ട പഴയ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു ഈ അമ്മ. 61 വയസ്സിൽ തൊഴിലുറപ്പിൽ നിന്ന് ലഭിയ്ക്കുന്ന വേതനവും പെൻഷനും ആശ്രയിച്ചാണ് ജീവിതം മുന്നോട്ട് പോകുന്നത്.

വേങ്ങൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നക്ഷത്ര മണ്ഡപം ഓഡിറ്റോറിയത്തിൽ നടന്ന ലൈഫ് ഗുണഭോക്താക്കളുടെ സംഗമത്തിൽ മന്ത്രി പി രാജീവിൽ നിന്നും ഇവർ വീടിന്റെ താക്കോൽ ഏറ്റുവാങ്ങി.

ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 339 വീടുകളാണ് വേങ്ങൂർ ഗ്രാമ പഞ്ചായത്തിൽ നിർമിച്ചിട്ടുള്ളത്. 59 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Related Posts