Your Image Description Your Image Description

ഗൂഗിള്‍ ക്രോം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സൈബര്‍ സുരക്ഷാ വകുപ്പ്. വിൻഡോസ്, മാക്, ലിനക്‌സ് എന്നിവയിൽ ക്രോമിന്‍റെ പഴയ പതിപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണ് കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള സൈബർ സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ക്രോമിന്‍റെ പഴയ പതിപ്പുകളിലെ ചില പിഴവുകൾ ഗൂഗിൾ തന്നെ അംഗീകരിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്.

ഉപയോക്താക്കൾ ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഹാക്കർമാർക്ക് സെൻസിറ്റീവ് ഡാറ്റകളിലേക്ക് ആക്‌സസ് നേടാനോ ഉപയോക്താവിന്‍റെ ഡിവൈസ് ഹാക്ക് ചെയ്യാനോ ക്രോമിലെ ഈ പിഴവുകള്‍ കാരണമായേക്കാം എന്ന് സിഇആർടി-ഇൻ വ്യക്തമാക്കുന്നു

ജോലി, ബാങ്കിംഗ്, ആശയവിനിമയം എന്നിവയ്ക്കായി ക്രോമിനെ വളരെയധികം ആശ്രയിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും അപ്‌ഡേറ്റുകൾ ഉടനെ നടത്തണമെന്ന് സൈബർ സുരക്ഷാ വകുപ്പ് പറഞ്ഞു. ക്രോമിന്‍റെ വി8 ജാവാസ്‍ക്രിപ്റ്റ് എഞ്ചിനിലാണ് അപകടസാധ്യത കണ്ടെത്തിയിരിക്കുന്നത്. ക്രോമിലെ പിഴവുകള്‍ മുതലെടുത്ത് പ്രത്യേകം തയ്യാറാക്കിയ ഇൻപുട്ടുകൾ വഴി ദോഷകരമായ കോഡുകള്‍ ചേര്‍ക്കാന്‍ സൈബർ കുറ്റവാളികൾക്ക് കഴിയും.

ഇത് പൂർണ്ണമായ സിസ്റ്റം തകരാറുകളിലേക്കോ വ്യക്തിഗത ഡാറ്റകൾ മോഷ്‍ടിക്കുന്നതിനോ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിലേക്കോ നയിച്ചേക്കാം. എണ്ണമറ്റ വെബ്‌സൈറ്റുകളിൽ ജാവാസ്ക്രിപ്റ്റ് വ്യാപകമായി ഉപയോഗിക്കുന്നതിനാൽ അപകടസാധ്യതയുടെ വ്യാപ്‍തി വളരെ വലുതാണെന്നും സിഇആർടി-ഇൻ വ്യക്തമാക്കുന്നു. പഴയ ക്രോം പതിപ്പുകൾ അപകടത്തിലാണെന്ന് സിഇആർടി-ഇൻ പ്രത്യേകം മുന്നറിയിപ്പ് നൽകുന്നു. ഏത് ക്രോം പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉപയോക്താക്കൾ പരിശോധിക്കണമെന്നും സിഇആർടി-ഇൻ വ്യക്തമാക്കി.

Related Posts