
തിരുവനന്തപുരം: ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിലേക്ക് നീങ്ങുന്നതിനിടെ, ആരോപണങ്ങൾക്ക് രാഷ്ട്രീയ വിശദീകരണവുമായി സിപിഎം ലഘുലേഖ ഇറക്കി. സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ലഘുലേഖയുടെ പ്രധാനഭാഗങ്ങൾ പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ ലേഖനമായി പ്രസിദ്ധീകരിച്ചു. എന്നാൽ പിണറായി വിജയനും വീണ വിജയനും എതിരായ ആരോപണങ്ങളെ പ്രതിരോധിക്കുന്ന ലേഖനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസിന്റെ പേര് പരാമർശിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.
‘പിണറായിക്കെതിരായ രാഷ്ട്രീയ പകപോക്കലിൽ പ്രതിഷേധിക്കണം’ എന്ന ആഹ്വാനമാണ് പാർട്ടി നൽകിയിരിക്കുന്നത്. പിണറായിക്കെതിരെ മുൻപും രാഷ്ട്രീയ എതിരാളികൾ സമാന ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും അവ പരാജയപ്പെട്ടതുപോലെ ഇതും അത്തരത്തിലുള്ള ആരോപണമാണെന്നും ലേഖനത്തിൽ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെങ്കിൽ സർക്കാരിന് നഷ്ടവും വ്യക്തിക്ക് നേട്ടവും ഉണ്ടാകുന്ന തരത്തിലുള്ള ആനുകൂല്യം നൽകിയിരിക്കണം എന്നാണ് സിപിഎമ്മിന്റെ വിശദീകരണം. സിഎംആർഎലിന് പിണറായി വഴിവിട്ട സഹായം നൽകിയിട്ടില്ലെന്നും, മുഖ്യമന്ത്രിയുടെ മകളാണെന്ന കാരണത്താലാണ് വീണയെ ലക്ഷ്യമിടുന്നതെന്നും ലേഖനം വാദിക്കുന്നു. വീണ നിയമപരമായ കരാറിന്റെ അടിസ്ഥാനത്തിലാണ് ബിസിനസ് നടത്തിയതെന്നും നൽകിയ പണത്തിന് സേവനം ലഭിച്ചിട്ടില്ലെന്ന് കമ്പനി എവിടെയും പറഞ്ഞിട്ടില്ലെന്നും സിപിഎം പറയുന്നു.
കോഴിക്കോട്ടെ വീടുകളിലെ ഇ.ഡി റെയ്ഡും ഹവാല ഇടപാടുമായി ബന്ധപ്പെട്ട ഹസൻ വാരിഷിന്റെ മൊഴിയും ലഘുലേഖയിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ ഈ ഭാഗങ്ങളിലും മുഹമ്മദ് റിയാസിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, ഹവാല ഉൾപ്പെടെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് റിയാസ് സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകിയതായി റിപ്പോർട്ടുകളുണ്ട്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവ്യക്തമായ ചില എഴുത്തുകുത്തുകളും ഭീഷണിപ്പെടുത്തി വാങ്ങിയ മൊഴികളുമാണ് ഇ.ഡി നടപടിക്ക് ആധാരമാക്കിയതെന്നുമാണ് അദ്ദേഹം പാർട്ടിയെ അറിയിച്ചതെന്നാണ് വിവരം.
റിയാസ് ആരോപണങ്ങളുടെ വസ്തുത പാർട്ടിക്ക് മുന്നിൽ വ്യക്തമാക്കിയെന്നും ഇക്കാര്യം പാർട്ടിക്ക് ബോധ്യപ്പെട്ടെന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പറഞ്ഞത്. അതേസമയം, ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർക്കെതിരെ സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സിപിഎമ്മിന്റെ ലഘുലേഖാ പ്രചാരണം.
