
പാലക്കാട്: കാന്തപുരം എ.പി. അബൂബക്കർ മുസലിയാറുടെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി മന്ത്രി കെ.എ. തുളസി രംഗത്ത്. എല്ലാവരെയും ചേർത്തുപിടിക്കുന്നതാണ് സർക്കാരിന്റെ നയമെന്നും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് സ്ത്രീയും പുരുഷനുമെന്നും മന്ത്രി വ്യക്തമാക്കി. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകളെയും പെൺകുട്ടികളെയും പൊതുധാരയിലേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് കാലാകാലങ്ങളായി ചെയ്തുവരുന്നത്. അവർക്കായി പ്രിയദർശിനി പദ്ധതി ഉൾപ്പെടെ നടപ്പാക്കിയിട്ടുണ്ടെന്നും, സമൂഹത്തിന്റെ പുരോഗതിക്ക് സ്ത്രീകളും പുരുഷന്മാരും എൽജിബിടിക്യു വിഭാഗവുമെല്ലാം ഒപ്പമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കാന്തപുരത്തിന് എതിരെ കേസെടുക്കണമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് തന്റെ വകുപ്പല്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. സർക്കാരിന്റേത് എപ്പോഴും പുരോഗമനപരമായ നിലപാടാണെന്നും സ്ത്രീകളും പെൺകുട്ടികളും പ്രത്യേക പരിഗണന അർഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാർക്കിടയിൽ വേദികളിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും, അതുകൊണ്ടാണ് ഇസ്ലാം പർദ്ദ നിർബന്ധമാക്കിയതെന്നും പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു.
ഈ പ്രസ്താവനയ്ക്കെതിരെ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും അടക്കമുള്ള ഇടതു സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്ത്രീകളെ പൊതുവേദിയിൽ കാണുന്നതിനെ ‘പ്രദർശനം’ എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നായിരുന്നു സംഘടനകളുടെ വിമർശനം. മുജാഹിദ് സംഘടനകളും കാന്തപുരത്തിന്റെ നിലപാടിനെതിരെ രംഗത്തുവന്നിരുന്നു.
