
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഒഴിവ് വന്ന 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 28-ന് നടക്കും. സെപ്റ്റംബർ 29-നാണ് വോട്ടെണ്ണൽ. ഏഴ് തദ്ദേശ ജനപ്രതിനിധികൾ എം.എൽ.എമാരായതിനെ തുടർന്ന് ഒഴിവുവന്നത് ഉൾപ്പെടെയുള്ള വാർഡുകളിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ കുറ്റിച്ചിറ വാർഡ് (ഫാത്തിമ തഹ്ലിയ പ്രതിനിധീകരിച്ചത്), തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ (സുധീർ ഷാ പാലോട് അംഗമായിരുന്നത്) എന്നിവയ്ക്ക് പുറമെ ദീപക് ജോയ്, ടി.എം. ശശി, സുമേഷ് അച്യുതൻ, വിനു ജോബ്, സി.വി. ശാന്തകുമാർ എന്നിവരുടെ വാർഡുകളിലും ഈ ഘട്ടത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കും.
കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശൂർ, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന വിവിധ തദ്ദേശ സ്ഥാപനങ്ങൾ. ആഗസ്റ്റ് 19-ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ്. ആകെ 3,09,713 വോട്ടർമാരാണ് ഈ വാർഡുകളിലായുള്ളത്.
ഉപതെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക വിജ്ഞാപനം വന്നതോടെ സെപ്റ്റംബർ മൂന്ന് മുതൽ പത്ത് വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന സെപ്റ്റംബർ 11-നും സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14-നുമായിരിക്കും. സെപ്റ്റംബർ 28-ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. തുടർന്ന് സെപ്റ്റംബർ 29-ന് രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് (സെപ്റ്റംബർ 1) മുതൽ പ്രാബല്യത്തിൽ വന്നു. ഉപതെരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. ഗ്രാമപഞ്ചായത്തുകളിൽ പ്രദേശം മുഴുവനായും മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടത്തിന്റെ നിയന്ത്രണങ്ങൾ ഉണ്ടാകുക.
