Your Image Description Your Image Description

മുംബൈ: ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് റോജര്‍ ബിന്നിയുടെ പിന്‍ഗാമിയായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരും പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. റോജര്‍ ബിന്നി സ്ഥാനം ഒഴിഞ്ഞതോടെ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല ചുമതലയേറ്റിരിക്കുകയാണ്. എന്നാല്‍ ഈ മാസം അവസാനം നടക്കുന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിന് മുമ്പ് സച്ചിനെ പ്രസിഡന്റാക്കാനുള്ള ശ്രമങ്ങള്‍ സജീവമാണെന്നാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട്.

പ്രസിഡന്റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ട്രഷറര്‍, ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ക്കുള്ള തെരഞ്ഞെടുപ്പ് വാര്‍ഷിക ജനറൽ ബോഡി യോഗത്തില്‍ നടക്കും. തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാവര്‍ക്കും സ്വീകാര്യനായ സച്ചിന്‍റെ കാര്യത്തിൽ അഭിപ്രായ ഏകീകരണമുണ്ടാക്കാന്‍ ശ്രമം നടക്കുകയാണ്. ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ സച്ചിനുമായി ഇതുസംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സച്ചിന്റെ നിലപാട് വ്യക്തമല്ല.

കായിക സംഘടനകളുടെ നേതൃത്വത്തില്‍ മുന്‍ താരങ്ങളെ കൊണ്ടുവരുന്നതിനെ കേന്ദ്രം അനുകൂലിക്കുന്ന നിലപാടാണുള്ളത്. പി.ടി. ഉഷയെ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റാക്കി നിയമിച്ചതും ഇതിന്റെ ഭാഗമായാണ്. മുന്‍ താരങ്ങള്‍ നേതൃത്വം കൊടുക്കുന്നത് സംഘടനകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഗുസ്തി അസോസിയേഷന്‍ പ്രസിഡന്‍റായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍സിംഗിനെതിരെ ഉയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് നേരിട്ട തിരിച്ചടിക്ക് പിന്നാലെ, സച്ചിനെപ്പോലെ ആദരണീയനായ വ്യക്തിത്വം ബിസിസിഐയെ നയിക്കുന്നത് പ്രതിച്ഛായ ഉയര്‍ത്തുമെന്നും ബിസിസിഐ വിലയിരുത്തുന്നു.

സച്ചിന്റെ സഹതാരമായിരുന്ന സൗരവ് ഗാംഗുലി 2019-22 കാലയളവില്‍ ബിസിസിഐ പ്രസിഡന്റായിരുന്നു. തുടര്‍ന്ന് 1983 ലോകകപ്പ് ഹീറോ റോജര്‍ ബിന്നി ചുമതലയേറ്റു. ഇപ്പോള്‍ സച്ചിന്റെ പേരും പരിഗണനയിലാണ്. എന്നാല്‍ ഭരണപരമായ അനുഭവം കുറവായതിനാല്‍ സച്ചിന്റെ തീരുമാനമാണ് നിര്‍ണായകം. വിരമിച്ചശേഷം മുംബൈ ഇന്ത്യന്‍സിന്റെ മെന്‍റര്‍ പദവി വഹിച്ചതും, മിഡില്‍സെക്സ് ഗ്ലോബല്‍ അക്കാദമിയുടെ കോ-ഫൗണ്ടർ ചുമതലയില്‍ ഇരുന്നതും, അപൂര്‍വമായി കമന്‍റേറ്ററായും മാത്രമാണ് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുള്ളത്.

Related Posts