Your Image Description Your Image Description

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, യുവാക്കൾക്ക് ഒരു കോടി സർക്കാർ ജോലികൾ സൃഷ്ടിക്കുമെന്നും വാഗ്‌ദാനം ചെയ്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മുൻ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ കർപൂരി താക്കൂറിന്റെ പേരിൽ ഒരു നൈപുണ്യ സർവകലാശാല സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ-നവംബർ മാസങ്ങളിൽ ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നിതീഷിന്റെ നേതൃത്വത്തിൽ തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് എൻഡിഎ സഖ്യകക്ഷികൾ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.
യുവ വോട്ടർമാരെ ലക്ഷ്യമിട്ട് ബിഹാർ യൂത്ത് കമ്മീഷൻ രൂപീകരിക്കാനുള്ള നിർദ്ദേശം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഒരു കോടി തൊഴിലവസരങ്ങളും എന്ന പ്രഖ്യാപനം നിതീഷിന്റെ ഭാഗത്തുനിന്നുണ്ടായത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, യുവാക്കളുടെ നൈപുണ്യ വികസനത്തിനായുള്ള സാത്ത് നിശ്ചയ് പദ്ധതി വിപുലീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതേസമയം 2005 മുതൽ 2020 വരെ സർക്കാർ വകുപ്പുകളിൽ അഞ്ച് ലക്ഷം തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുമ്പോൾ നിതീഷ് സർക്കാരിന് നാല് ലക്ഷം സർക്കാർ ജോലികൾ മാത്രമേ നൽകാൻ കഴിഞ്ഞുള്ളൂവെന്ന് കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരി അവകാശപ്പെട്ടു. “രാഷ്ട്രീയ നേട്ടങ്ങൾക്കായി തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം വലിയ വാഗ്ദാനങ്ങൾ നൽകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. നിതീഷിന്റെ വാഗ്ദാനങ്ങൾ വെറും രാഷ്ട്രീയ തന്ത്രം മാത്രമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടർമാരെ ആകർഷിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരിയും പറഞ്ഞു.

Related Posts