ഷിംലയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണു

ഷിംല: ഷിംലയിലെ ഭട്ടകുഫർ പ്രദേശത്ത് മാതു കോളനിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണു. ചാംയാന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കുള്ള റോഡിലാണ് സംഭവം നടന്നത്. കനത്ത മഴയും മണ്ണിടിച്ചിലുമാണ് കെട്ടിടം തകരാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. ഇന്ന് പുലർച്ചെയാണ് അഞ്ചു നില കെട്ടിടം തറ പറ്റിയത്. കേട്ടിടത്തിൽ വിള്ളൽ കണ്ടതിനെ തുട‌‌ർന്ന് താമസക്കാരെ പെട്ടെന്ന് ഒഴിപ്പിച്ചതിനാൽ ആളപായം ഒഴിവായി.

എന്നിരുന്നാലും, തകർച്ച സമീപ കെട്ടിടങ്ങളിലെ താമസക്കാരെ ഭയപ്പെടുത്തിയിട്ടുണ്ട്. അതേസമയം സമീപത്തുള്ള നാലുവരി പാതയുടെ നിർമ്മാണം മൂലമാണ് കെട്ടിടത്തിൽ വിള്ളലുകൾ ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം മുതലാണ് കെട്ടിടത്തിൽ വിള്ളലുകൾ ഉണ്ടായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

നാലുവരിപ്പാത നിർമ്മാണം കെട്ടിടത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തിയിരിക്കാമെന്നും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാശനഷ്ടങ്ങളും സ്ഥിരതയും അധികൃതർ ഇപ്പോൾ വിലയിരുത്തിവരികയാണ്. ഇന്നലെ രാത്രി വൈകിയും കെട്ടിടത്തിൽ നിന്നും വലിയ ശബ്ദങ്ങൾ കേട്ടതായി നാട്ടുകാർ ആരോപിച്ചിരുന്നു. എഞ്ചിനീയർമാരും ദുരന്ത നിവാരണ സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടം തക‌ർന്നു വീഴുന്നതിന്റ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *