വ്യക്തമായ തെളിവുകൾ ഇല്ല; ജയസൂര്യക്കും ബാലചന്ദ്ര മേനോനുമെതിരെയുള്ള കേസുകൾ അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജയസൂര്യക്കും ബാലചന്ദ്ര മേനോനുമെതിരെയുള്ള കേസുകൾ അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. ഇവർക്കെതിരെയുള്ള വ്യക്തമായ തെളിവുകൾ ഇല്ല, അതിനാലാണ് കേസ് അവസാനിപ്പിക്കുന്നത്. നിലവിലുള്ള പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ ചിലതിന് മാത്രമാണ് തെളിവുകൾ ഉള്ളത്.

ഹേമ കമ്മറ്റിക്ക് മുമ്പിൽ നൽകിയ മൊഴികൾ അല്ലാതെ പരാതിക്കാർ മറ്റ് മൊഴികൾ നൽകിയിട്ടില്ല. പീഡന പരാതിയുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിച്ചിട്ടില്ല. കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിക്കണമോ എന്ന് എ.ഡി.ജി.പി തീരുമാനിക്കും.

ഇവരെ കൂടാതെ മണിയൻപിള്ള രാജു, മുകേഷ് എന്നിവർക്കെതിരെ നടി പരാതി ഉന്നയിച്ചിരുന്നു. 2008ൽ പുറത്തിറങ്ങിയ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യയിൽ നിന്നും ബാലചന്ദ്ര മേനോനിൽ നിന്നും അതിക്രമം നേരിട്ടതായാണ് യുവതി പരാതി നൽകിയത്. നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സെക്രട്ടറിയറ്റിന്‍റെ ശൗചാലയത്തിൽ വച്ച് ജയസൂര്യ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു നടിയുടെ പരാതി.

തുടർന്ന് നടന്ന അന്വേഷണത്തിൽ പൊലീസിന് ഇത് തെളിയിക്കാൻ സാധിച്ചിട്ടില്ല. ശൗചാലയം ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ ഓഫീസ് മുറിയാണ് ഉള്ളത്. അതുകൊണ്ട് ഈ സ്ഥലം തിരിച്ചറിയാൻ പരാതിക്കാരിക്ക് സാധിച്ചിട്ടില്ല. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിക്കാരി ബാലചന്ദ്രമേനോനെതിരെ പറഞ്ഞത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *