
കേരളത്തിൽ വൈദ്യുതി പ്രതിസന്ധി ശക്തമായി തുടരുന്നതിനിടയിൽ, ഉയർന്ന വില നൽകി വൈദ്യുതി വാങ്ങാൻ സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ഒക്ടോബർ മുതൽ മെയ് മാസം വരെയുള്ള കാലയളവിൽ ഹ്രസ്വകാല കരാറുകൾ വഴി വൈദ്യുതി ലഭ്യമാക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. എങ്കിലും കെഎസ്ഇബി സമർപ്പിച്ച മുഴുവൻ കരാറുകളും കമ്മീഷൻ അംഗീകരിച്ചിട്ടില്ല. പ്രത്യേകിച്ചും ഏപ്രിൽ, മെയ് മാസങ്ങളിലെ പീക്ക് സമയങ്ങളിൽ യൂണിറ്റിന് 12.50 രൂപ വരെ ഉയർന്ന വില നൽകി വൈദ്യുതി വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. അതേസമയം, നിലവിലുള്ള വൈദ്യുതി നിയന്ത്രണങ്ങൾ തൽക്കാലം ഒഴിവാകില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
വൈദ്യുതി ഉത്പാദനത്തിൽ ഉണ്ടായ കുറവും ഉപഭോഗത്തിലുണ്ടായ വൻ വർധനവുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം വ്യക്തമാക്കി. കേരളത്തിൽ പുതിയ വൈദ്യുത പദ്ധതികൾ വരുന്നത് അനിവാര്യമാണെന്നും വിപണിയിൽ നിന്ന് പച്ചക്കറി വാങ്ങുന്നത് പോലെ എളുപ്പമല്ല വൈദ്യുതി ലഭ്യമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് സമയങ്ങളിൽ എസി ഉപയോഗം കുറയ്ക്കണമെന്നും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് നിയന്ത്രിക്കണമെന്നും പൊതുജനങ്ങളോട് കെഎസ്ഇബി അഭ്യർത്ഥിച്ചിട്ടുണ്ട്.
