
റിയാദ് : സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ഈസ്റ്റ്–വെസ്റ്റ് പൈപ്പ് ലൈനിലേക്ക് ഡ്രോൺ ആക്രമണം. ഇറാഖിന്റെ അതിർത്തിക്കുള്ളിൽനിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകൾ പൈപ്പ് ലൈനിൽ പതിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ പൈപ്പ് ലൈനിന് കേടുപാടുകൾ സംഭവിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൈപ്പ് ലൈൻ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.
റിയാദ്, മദീന മേഖലകളിലെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, എണ്ണ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം നിലനിർത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ഇറാഖിന്റെ മണ്ണ് അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നത് തടയണമെന്നും ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി സൗദിയോട് അഭ്യർഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇറാഖ് ഭരണകൂടത്തിന് നടപടി സ്വീകരിക്കാൻ സമയം നൽകിക്കൊണ്ട് തൽക്കാലം തിരിച്ചടി നൽകേണ്ടതില്ലെന്നാണ് സൗദിയുടെ തീരുമാനം.
സൗദിയുടെ തീരുമാനത്തെ ഇറാഖ് സ്വാഗതം ചെയ്തു. ആക്രമണത്തെ ശക്തമായി അപലപിച്ച ഇറാഖ് ഭരണകൂടം, സൗദിയുടെ സുരക്ഷയ്ക്കോ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിനോ ഭീഷണിയാകുന്ന നടപടികൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. ഇറാഖിന്റെ അതിർത്തിയോ വ്യോമപാതയോ അയൽരാജ്യങ്ങൾക്കെതിരായ ആക്രമണത്തിന് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ഇറാഖ് സായുധ സേനാ വക്താവ് സ്വബാഹ് അൽ നുമാൻ അറിയിച്ചു. ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ പ്രധാനമന്ത്രി അലി അൽ സെയ്ദി ഉത്തരവിട്ടിട്ടുണ്ട്.
മുൻകരുതൽ നടപടിയെന്ന നിലയിലാണ് പൈപ്പ് ലൈൻ പ്രവർത്തനം താൽക്കാലികമായി നിർത്തിയതെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ തുടർന്ന് മദീനയ്ക്ക് തെക്കുകിഴക്കായി പൈപ്പ് ലൈൻ കേന്ദ്രങ്ങളിൽ തീപിടിത്തമുണ്ടായതായും വൻതോതിൽ പുക ഉയരുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതായും റിപ്പോർട്ടുകളുണ്ട്. സൗദി അറേബ്യയുടെ കരമാർഗമുള്ള എണ്ണ കയറ്റുമതിയിലെ പ്രധാന സംവിധാനമാണ് ഈസ്റ്റ്–വെസ്റ്റ് പൈപ്പ് ലൈൻ. ഏകദേശം 1,200 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈൻ കിഴക്കൻ മേഖലയിലെ എണ്ണ ചെങ്കടൽ തീരത്തെ തുറമുഖങ്ങളിലേക്ക് എത്തിക്കാൻ ഉപയോഗിക്കുന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതത്തിൽ തടസ്സമുണ്ടാകുന്ന സാഹചര്യത്തിൽ സൗദിക്ക് ഏറെ നിർണായകമാണ് ഈ പൈപ്പ് ലൈൻ. തന്ത്രപ്രധാനമായ എണ്ണ അടിസ്ഥാന സൗകര്യത്തിന് നേരെയുണ്ടായ ആക്രമണം ആഗോള എണ്ണ വിപണിയിലും ആശങ്കയുണ്ടാക്കുന്നതാണ്.
