Your Image Description Your Image Description

കണ്ണൂര്‍: ഈ വര്‍ഷം ആഗോളതലത്തില്‍ വെളിച്ചെണ്ണ വിലയില്‍ വലിയ കുറവുണ്ടാകില്ലെന്ന് നിഗമനം. ലോക ബാങ്കിന്റെ കമ്മോഡിറ്റി മാര്‍ക്കറ്റ് ഔട്ട്ലുക്കില്‍ ഈ വര്‍ഷം ടണ്ണിന് 250 ഡോളര്‍ കൂടുമെന്ന് പ്രവചിച്ചിരുന്നു. ഇതനുസരിച്ചുള്ള വര്‍ധനവ് ഉണ്ടായി. ടണ്ണിന് 1800 ഡോളറാണ് ലോക ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം 2025-ലെ പ്രതീക്ഷിത വിലയായി കണക്കാക്കിയത്. 1519 ഡോളറായിരുന്നു 2024-ലെ വില. 281 ഡോളര്‍ വര്‍ധനയാണ് ഉണ്ടായത്. 1750 ഡോളറാണ് 2026 -ലെ പ്രതീക്ഷിത വില. ഈ വര്‍ഷത്തെ വിലയുമായി താരതമ്യപ്പെടുത്തിയാല്‍ 2.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ഇതുപ്രകാരം അടുത്തവര്‍ഷം പകുതിയോടെ വിലയില്‍ നേരിയ കുറവുണ്ടായാലും മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ വില ഉയര്‍ന്നുനില്‍ക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം വില ഉയര്‍ന്നതോടെ കേരളത്തിലുള്‍പ്പെടെ പലരും നാളികേര കൃഷിയിലേക്ക് തിരിച്ചുപോകുന്നുണ്ടെന്ന് കേരഫെഡ് ചെയര്‍മാന്‍ വി. ചാമുണ്ണി പറഞ്ഞു. കഴിഞ്ഞ മാസം ആദ്യം 84 ശതമാനത്തിലേറെയാണ് വര്‍ധനയുണ്ടായത്. ചില്ലറവില 71 ശതമാനവും കൂടി. അതേസമയം, 40 ശതമാനം കുറവാണ് ദക്ഷിണേന്ത്യയില്‍ കൊപ്ര ഉത്പാദനത്തിലുണ്ടായത്. ഇത് വെളിച്ചെണ്ണ നിര്‍മാതാക്കളെ ബാധിച്ചതായി കേരഫെഡ് മാനേജിങ് ഡയറക്ടര്‍ സാജു കെ. സുരേന്ദ്രന്‍ പറഞ്ഞു.

കാലാവസ്ഥാവ്യതിയാനം കാരണം കേരളം, തമിഴ്നാട്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ ഉൽപ്പാദനം 20 ശതമാനം വരെ കുറഞ്ഞതായി ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളീച്ചയുടെ ആക്രമണം, കാറ്റുവീഴ്ച തുടങ്ങിയവ തേങ്ങയുടെ ആരോഗ്യവും ഉത്പാദനക്ഷമതയും കുറച്ചു. ഇതോടൊപ്പം സൗന്ദര്യവര്‍ധക വസ്തുക്കളുടെ നിര്‍മാണം, ജൈവ ഇന്ധനമേഖലകളിലെ ഉപയോഗം എന്നിവ വര്‍ധിച്ചതിനാല്‍ ആഗോളതലത്തില്‍ ആവശ്യകതയുയര്‍ന്നതും വിലക്കയറ്റത്തിന് കാരണമായി. തേങ്ങയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് അമേരിക്കയിലും യൂറോപ്പിലും അടുത്ത കാലത്ത് സ്വീകാര്യതയേറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts