Your Image Description Your Image Description

ചെറുതോണി: ആർക്കും യാതൊരു ഉപയോ​ഗവുമില്ലാതെ പറമ്പിൽ പൊഴിഞ്ഞുവീണിരുന്ന പനങ്കുരു ഇപ്പോൾ വിഐപിയാണ്. വലിയ വിലയാണ് പനങ്കുരുവിന് ഇപ്പോൾ ലഭിക്കുന്നത്. ഉത്തരേന്ത്യയിൽ തമ്പാക്ക്, സുഗന്ധ മുറുക്കാൻ തുടങ്ങിയയുടെ നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തുവാണ് പനങ്കുരു. ഇപ്പോൾ പനങ്കുരു കേരളത്തിൽ നിന്നും നല്ല വിലയിലെടുത്താണ് ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകുന്നത്.

നല്ലവില എന്നുപറഞ്ഞാൽ എന്തു വിലവരും? ഒരു കിലോ തൊലികളഞ്ഞ് പരിപ്പാക്കിയ പനങ്കുരുവിന് 45 മുതൽ 60 രൂപ വരെ ലഭിക്കുമത്രെ. പച്ചക്കുരുവിന് കിലോയ്ക്ക് 12 മുതൽ 15 രൂപ വരെ നൽകി എടുക്കാനും ആളുകളുണ്ട്. പരിപ്പാക്കിയ പനങ്കുരുവിന് വില ഇത്രയും കൂടാൻ കാരണമുണ്ട്. ഇത് പരിപ്പാക്കുന്നതിന് പിന്നിലെ അധ്വാനം തന്നെയാണ് ആ കാരണം.

എന്നാൽ നല്ല വില ലഭിക്കുമെങ്കിലും പനങ്കുരുവിന്റെ വിളവെടുപ്പ് കഠിനമാണ്. ഉയരം കൂടുതലുള്ള പനയിൽ കയറുന്നതിനു വിദഗ്ധ തൊഴിലാളികൾ തന്നെ വേണം. മുകളിൽ കയറി വെട്ടി എടുക്കുന്ന പനങ്കുല കയറിൽ കെട്ടിയാണ് താഴേക്ക് ഇറക്കുന്നത്. പിന്നീട് ഇതിന്റെ വള്ളികൾ കായോടൊപ്പം മുറിച്ചെടുത്ത് പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ഒരാഴ്ചയോളം സൂക്ഷിച്ചാൽ പുറംതൊലി അഴുകിത്തുടങ്ങും.

തുടർന്ന് വള്ളികളിൽനിന്ന് കായ് വേർപെടുത്തി കൂട്ടിയിട്ടു ജീപ്പോ, ഭാരവാഹനങ്ങളോ കയറ്റി തൊലി നീക്കം ചെയ്യും. ശേഷം വെള്ളത്തിൽ കഴുകി വാരിയാണു പനംപരിപ്പ് വിൽപനയ്ക്കായി തയാറാക്കുന്നത്. പനങ്കുല വെട്ടിയെടുക്കുമ്പോൾ അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെടുന്നതിനാൽ സാധാരണ തൊഴിലാളികൾ ഇതിനു മെനക്കെടാറില്ല. കച്ചവടക്കാർ എത്തി നേരിട്ടെടുക്കുമായിരുന്നു. ശരാശരി 250 മുതൽ 400 കിലോ തൂക്കമാണ് പനങ്കുലയ്ക്കുള്ളത്.

ഇപ്പോഴാണ് പനങ്കുരുവിന്റെ സീസൺ. ആർക്കും വേണ്ടാതെ കൃഷിയിടത്തിൽ വീണു നശിച്ചിരുന്ന പനങ്കുരുവിനു കഞ്ഞിക്കുഴി, വാഴത്തോപ്പ് പഞ്ചായത്തുകളിൽ കച്ചവടത്തിന് ഒട്ടേറെ പേരുണ്ട്. ഈ വർഷം 700 കിലോ തൂക്കമുള്ള പനങ്കുല വരെ ലഭിച്ചവരുണ്ട്. ഹൈറേഞ്ചിൽനിന്നു സംഭരിക്കുന്ന പനങ്കുരു ഉത്തരേന്ത്യയിലേക്കാണ് കയറ്റി അയയ്ക്കുന്നത്. അതേസമയം, പനങ്കുരുവിന്റെ ഉപയോഗം വർധിച്ചതോടെ അടയ്ക്കാ കർഷകർക്ക് കഷ്ടകാലമാണ്. പനങ്കുരുവിന് ഡിമാൻഡ് വർധിച്ചതാണ് അടയ്ക്ക വിലയിടിയാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.

Related Posts