വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭ ഒരുങ്ങി. ഇന്ന് രാവിലെ ഒമ്പതിന് ഗവർണർ രാജേന്ദ്ര വിശ്വന്ത് ആർലേക്കർ സഭയെ അഭിസംബോധന ചെയ്യും. തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗ്യാരന്റികൾ’ നടപ്പിലാക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾക്കായിരിക്കും നയപ്രഖ്യാപനത്തിൽ മുൻഗണന നൽകുക. ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന വാഗ്ദാനവും, ക്ഷേമപെൻഷൻ 3000 രൂപയായി വർധിപ്പിക്കുമെന്ന തീരുമാനവും, വയോജന വകുപ്പിന്റെ രൂപീകരണവും അടക്കമുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ഇതിലുണ്ടാകും.
രാവിലെ 8.55-ഓടെ സഭയിൽ എത്തുന്ന ഗവർണറെ മുഖ്യമന്ത്രി വി.ഡി. സതീശനും പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും. നയപ്രഖ്യാപനത്തിൽ ദേശീയപാത വികസനം, വിഴിഞ്ഞം പദ്ധതിയുടെ തുടർനടപടികൾ, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ എന്നിവയ്ക്കും ഊന്നൽ നൽകും. മുൻ സർക്കാരിന്റെ കാലത്തെ സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയ സാഹചര്യത്തിൽ പകരം പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമോ എന്നതും, കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ ഗവർണറുടെ പ്രസംഗത്തിൽ ഉൾപ്പെടുമോ എന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു
