മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ‘സിപിഎം സൈബർ പോരാളികൾ’ എന്ന ഫേസ്ബുക്ക് പേജിനെതിരെയാണ് തൃശൂർ സിറ്റി സൈബർ പോലീസ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിൽ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി.
വി ഡി സതീസൻ്റെ ചിത്രം മോർഫ് ചെയ്ത് കാക്കി ട്രൗസർ അണിയിച്ച രീതിയിൽ പ്രചരിപ്പിച്ചതാണ് പരാതിക്ക് ആധാരം. “മതനിരപേക്ഷത ഉയർത്തിപ്പിടിച്ചു, അതാണ് ഈ വിജയത്തിന് കാരണം” എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നത്. ഈ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് നിയമനടപടികളുമായി മുന്നോട്ട് പോയത്.
