Your Image Description Your Image Description

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ബുധനാഴ്ച്ച (23) 11 മണി മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ജില്ലാകളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. പി പി ചിത്തരഞ്ജന്‍ എംഎല്‍എ യോഗത്തില്‍ സന്നിഹിതനായി.

ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് കൊണ്ടുവരുന്ന ഭൗതികദേഹം രാത്രി 9 മണിയോടുകൂടി ആലപ്പുഴയിലെ സ്വവസതിയില്‍ എത്തിക്കും. ബുധനാഴ്ച്ച രാവിലെ 9 മണിവരെ സ്വവസതിയിലും തുടര്‍ന്ന് 10 മണിയോടെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെക്കും. ശേഷം 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. പൊതുദര്‍ശനത്തിന് ശേഷം നാല് മണിയോടെയാവും വലിയ ചുടുകാടില്‍ ഔദ്യോഗിച ചടങ്ങുകളോടെയുള്ള സംസ്‌കാരം.
പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് ബീച്ചില്‍ നിയന്ത്രണവും നഗരത്തില്‍ ഗതാഗതക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുദര്‍ശനത്തിനെത്തുന്നവര്‍ക്കുള്ള വാഹനപാര്‍ക്കിങ്ങിന് ബീച്ചിലെ മേല്‍പ്പാലത്തിന് അടിവശമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി ആവശ്യത്തിന് പൊലീസിനെയും വിന്യസിക്കും. യോഗത്തില്‍ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍, എഡിഎം ആശ സി എബ്രഹാം, ഡെപ്യൂട്ടി കളക്ടര്‍മാര്‍, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related Posts