Your Image Description Your Image Description

സർക്കാരിൻറെ ഒമ്പത് വർഷത്തിനിടയിൽ കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവിട്ടത് 5000 കോടി രൂപയാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.

ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ,ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയ്ക്കായി പണികഴിപ്പിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റിനു പുറമേ കിഫ്ബി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വഴി പണം കണ്ടെത്തിയാണ് വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിന് പദ്ധതികൾ ആവിഷ്കരിച്ചത്. ചേർത്തല ഗവൺമെൻറ് ഗേൾസ് എച്ച് എസ് എസിൽ അഞ്ചു കോടി രൂപയുടെ കിഫ്ബി ഫണ്ടും മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപയും ചെലവഴിച്ചാണ് ഇരുനില മന്ദിരം നിർമ്മിച്ചത്. ഓഫീസ് മുറികൾ ഉൾപ്പെടെ താഴത്തെ നിലയിലും മുകളിലത്തെ നിലയിൽ അഞ്ച് ക്ലാസ്സ് മുറികളും ആറു ബാത്റൂമുകളും പൂർത്തിയായിട്ടുണ്ട്.ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവൺമെൻറ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി സഹായത്തോടെ 1.3 കോടി രൂപയ്ക്കാണ് പുതിയ കെട്ടിടം പൂർത്തീകരിച്ചിട്ടുള്ളത്. ഇവിടെ ആറ് ക്ലാസ്സ് റൂമുകൾക്ക് പുറമേ ബാത്റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ വിദ്യാലയങ്ങളിൽ 99.5 ശതമാനം പെൺകുട്ടികളും പ്ലസ് ടു വരെ എത്തുന്നുണ്ട് എന്നത് നമ്മൾ ഈ മേഖലയ്ക്ക് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതായും മന്ത്രി പറഞ്ഞു.പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റി.പൊതുവിദ്യാലയ സംരക്ഷണത്തിന് ഇത്രയും ശ്രദ്ധ നൽകിയ ഒരു കാലഘട്ടം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കാലഹരണപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിന് സ്കൂളുകൾക്ക് കർശന നിർദേശം നൽകി. മിക്കവാറും എല്ലാ സ്കൂളുകൾക്കും പുതിയ കെട്ടിടങ്ങൾ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർലി ഭാർഗവൻ ഇരു ചടങ്ങുകളിലും അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി എസ് അജയകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഏലിക്കുട്ടി ജോൺ, ശോഭാ ജോഷി,ജീ രഞ്ജിത്ത്,മാധുരി സാബു, എ എസ് സാബു,എ അജി,ചേർത്തല ഡിഇഒ എം അബ്ദുൽസലാം,ഗേൾസ് സ്കൂൾ പി ടി എ പ്രസിഡൻറ് പി ടി സതീശൻ, ബോയ്സ് സ്കൂൾ പിടിഎ പ്രസിഡൻറ് എസ് ജി രാജു,ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ ടി ലേജു മോൾ, ഹെഡ്മാസ്റ്റർ ടി എസ് ജിഷ ,ഗേൾസ് സ്കൂൾ പ്രിൻസിപ്പൽ എൻ കെ ഹരികുമാർ,എച്ച് എം ടി സന്ധ്യ, ചേർത്തല എ ഇ ഓ എൽ ജയലക്ഷ്മി എന്നിവർ സംസാരിച്ചു.

Related Posts