Your Image Description Your Image Description

തിരുവനന്തപുരം: വായ്പാ തിരിച്ചടവില്‍ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ റെക്കോർഡ് നേട്ടം കൈവരിച്ചതായി ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 267 കോടി രൂപ വനിതാ സംരംഭകര്‍ തിരിച്ചടച്ചു. ഇത് സര്‍വകാല റെക്കോർഡാണ്. 333 കോടി രൂപയാണ് കോര്‍പറേഷന്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വായ്പ നല്‍കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 214 കോടി രൂപയാണ് തിരിച്ചടവായി ലഭിച്ചത്.

അതേസമയം സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലാണ് വനിതാ വികസന കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നത്. സൂക്ഷ്മ, ചെറുകിട സംരംഭ മേഖലയിലെ വനിതാ സംരംഭകര്‍ക്ക് 30 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ കോര്‍പറേഷന്‍ വായ്പയായി നല്‍കുന്നു. സ്ത്രീകള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കുമാണ് വായ്പ നൽകുന്നത്. സംരംഭത്തിന്‍റെ പ്രാരംഭ ഘട്ടം മുതല്‍ എല്ലാ കാര്യങ്ങളിലും കോര്‍പറേഷന്‍ കൃത്യമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പരിശീലന പരിപാടികള്‍ നടത്തുകയും ചെയ്യാറുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിക്കുള്ള ദേശീയ പുരസ്‌കാരം വനിതാ വികസന കോര്‍പറേഷന് ലഭിച്ചിട്ടുണ്ട്. സ്ത്രീ സംരംഭകര്‍ക്ക് വിപണിയിലൂടെ മികച്ച വരുമാനം ലഭിക്കുന്നതിനുള്ള പദ്ധതികളും വനിതാ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി മാര്‍ച്ചില്‍ തിരുവനന്തപുരത്ത് ഏഴ് ദിവസം നീണ്ട വിപണന മേള ‘എസ്‌കലേറ 2025’ നടത്തിയിരുന്നു. ഡിസംബറില്‍ മറ്റൊരു മേള കൂടി സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts