വഴിക്കടവ് ദുരന്തം ; രാഷ്ട്രീയ ലാഭം കൊയ്യുന്നതിനുള്ള ഗൂഢാലോചന നടക്കുന്നുവെന്ന് എ കെ ശശീന്ദ്രന്‍

മലപ്പുറം : വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. വാര്‍ത്ത കേട്ടയുടന്‍ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലപാട് സ്വീകരിച്ചുകൊണ്ട് പ്രതിപക്ഷത്തുള്ള യുഡിഎഫും ബിജെപിയും രംഗത്തിറങ്ങുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എ കെ ശശീന്ദ്രന്റെ പ്രതികരണം….

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിഷയദാരിദ്ര്യം അനുഭവപ്പെട്ട പ്രതിപക്ഷം ഗവണ്‍മെന്റിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ പറ്റുന്ന ഒരവസരമായി ഇതിനെ ദുരുപയോഗപ്പെടുത്താനാണ് ശ്രമിച്ചത്.

ഇത് രാഷ്ട്രീയ ലാഭം കൊയ്യുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചന എന്ന് സംശയിക്കുകയാണ്. അവരുടെ പ്രവര്‍ത്തിയും പ്രസ്താവനകളുമെല്ലാം തെളിയിക്കുന്നത് ഇത് വീണുകിട്ടിയ അവസരമായിട്ടല്ല മനപ്പൂര്‍വം ഉണ്ടാക്കിക്കിട്ടിയ അവസരമായാണ് പ്രയോഗിക്കുന്നത് .

അരമണിക്കൂറിനകം ഇത്തരത്തിലുള്ള പ്രകടനം നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഇതിന്റെ കുറ്റം വനംവകുപ്പിന്റെ തലയില്‍ ചാര്‍ത്താനുള്ള ശ്രമങ്ങള്‍ പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. വനം വകുപ്പ് കേരളത്തില്‍ ഒരിടത്തും വൈദ്യുതി ഉപയോഗിച്ചുള്ള ഫെന്‍സിങ് സ്ഥാപിക്കുന്നില്ല.

സോളാര്‍ ഉപയോഗിച്ചുള്ള ഫെന്‍സിങ് ആണ് സ്ഥാപിക്കുന്നത്. ഇത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്വകാര്യ വ്യക്തി അറിയാതെയാണ് സ്ഥാപിച്ചിട്ടുള്ളതെന്ന വിവരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലഘട്ടമായതുകൊണ്ടുതന്നെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ഗൂഢാലോചന ഈ കാര്യത്തില്‍ നടന്നിട്ടുണ്ടെന്ന സംശയം ജനങ്ങളിലാകെ ഉയര്‍ന്നു വന്നിട്ടുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *