Your Image Description Your Image Description

കൊച്ചി: വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ റെയിൽവേയുടെ അഭിമാന സംരംഭമാണ് വന്ദേഭാരത് സ്ലീപ്പർ. 16 കോച്ചുകളുമായി മണിക്കൂറിൽ 180 കിലോമീറ്റർ വേ​ഗതയിൽ പായുന്ന ദീർഘദൂര ട്രെയിനുകളാണ് വന്ദേഭാരത് സ്ലീപ്പർ. ഒരു മാസത്തിനുള്ളിൽ വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രാജ്യത്തിനുള്ള ദീപാവലി സമ്മാനമായാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ എത്തുക. ഡൽഹിയിൽ നിന്ന് പ്രയാഗ്രാജ് വഴി പാട്നയിലേക്കായിരിക്കും ആദ്യ സർവീസ്. മുംബയ്, ഹൗറ, പൂനെ, സെക്കന്തരാബാദ് സർവീസുകളും ആദ്യഘത്തിൽ ഉണ്ടാകും. കേരളത്തിൽ അടുത്ത ഘട്ടത്തിലാകും വന്ദേഭാരത് സ്ലീപ്പർ എത്തുക. തിരുവനന്തപുരം-ബംഗളൂരു, തിരുവനന്തപുരം- മംഗളൂരു റൂട്ടുകളാണ് പരിഗണനയിൽ.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോച്ചുകൾ നിർമ്മിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എൽ ആണ്. എ.സി ഫസ്റ്റ് ക്ലാസ്, 2ടയർ, 3ടയർ കോച്ചുകളുണ്ടാകും. വന്ദേഭാരത് ഹ്രസ്വദൂര ട്രെയിനുകളേക്കാൾ സ്ലീപ്പറിൽ അധികം സൗകര്യവുമൊരുക്കും. റീഡിംഗ് ലൈറ്റ്, ലാപ്ടോപ് ചാർജിംഗ്, പൊതു അനൗൺസ്മെന്റ്, വിഷ്വൽ ഇൻഫോസിസ്റ്റം, സുരക്ഷാ ക്യാമറകൾ, മോഡുലാർ പാൻട്രി, ഭിന്നശേഷി സൗഹൃദ ബെർത്തുകൾ- ടോയ്ലെറ്റ് എന്നിവയാണ് വന്ദേഭാരത് സ്ലീപ്പറിലെ സൗകര്യങ്ങൾ. ഫസ്റ്റ് എ.സി കോച്ചുകളിൽ ചൂടുവെള്ളം വരുന്ന ഷവറുകളുമുണ്ടാകും.

വന്ദേഭാരത് സ്ലീപ്പറിന് രാജധാനി എക്സ്പ്രസുകളേക്കാൾ നിരക്ക് കൂടുതലായിരിക്കും. യാത്രാനിരക്കിലും റൂട്ടുകളുടെ കാര്യത്തിലും അന്തിമ തീരുമാനമെടുക്കേണ്ടത് റെയിൽവേ ബോർഡാണ്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

Related Posts