ചേർത്തല: കോടംതുരുത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ വനിതാ സഹപ്രവർത്തകയെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയും നേരിട്ടും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ. ഇവിടെ ജോലി ചെയ്യുന്ന ശ്രീജിത്തിനെയാണ് കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്. ഓഫീസിലെ വനിതാ ജൂനിയർ ക്ലർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ പോലീസ് തിരച്ചിലിനൊടുവിൽ പിടികൂടുകയായിരുന്നു.
ഇയാൾ മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അതിക്രമിച്ച് കയറി നാശനഷ്ടമുണ്ടാക്കിയതിന് പൊതുമുതൽ നശീകരണ നിരോധന നിയമപ്രകാരവും, മാന്നാർ സ്റ്റേഷൻ പരിധിയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സഹപ്രവർത്തകരെ അസഭ്യം പറഞ്ഞതിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുത്തിയതോട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. രതീഷിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ വിജേഷ്, രജിഷ്, പീറ്റർ, സാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
