മരിച്ച അമ്മയുടെ മൃതദേഹം ദിവസങ്ങളോളം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ ചെയ്തു. കൊല്ലം കുളത്തൂപ്പുഴ ആർ.പി.എൽ എസ്റ്റേറ്റ് ക്വാർട്ടേഴ്സിലാണ് സംഭവം. പരേതയായ ചിന്നത്താമയുടെ (90) മൃതദേഹമാണ് മാനസിക വെല്ലുവിളി നേരിടുന്ന മകൻ കൃഷ്ണസ്വാമി വീട്ടിൽ സൂക്ഷിച്ച് പൂജിച്ചത്. അമ്മ മരിച്ചതിന് ശേഷം മകൻ മറ്റാരെയും വീടിനുള്ളിലേക്ക് കയറാൻ അനുവദിച്ചിരുന്നില്ല. മൂന്ന് ദിവസത്തോളം മൃതദേഹം ഇയാൾ വീട്ടിൽ തന്നെ സൂക്ഷിച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി കൃഷ്ണസ്വാമിയുടെ മകളും പേരക്കുട്ടിയും വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. ഉടൻ തന്നെ ഇവർ നാട്ടുകാരെയും വാർഡ് മെമ്പറെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പ്രാഥമിക പരിശോധനകൾ നടത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. അമ്മയുടെ പെട്ടെന്നുള്ള മരണത്തിലുണ്ടായ കടുത്ത മാനസിക ആഘാതമാണ് ഇത്തരമൊരു പ്രവൃത്തിയിലേക്ക് നയിച്ചതെന്നും സംഭവത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
