ഗൂഗിൾ അക്കൗണ്ട് പാസ്വേഡ് മറന്നുപോകുകയോ അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ വരികയോ ചെയ്യുന്ന ഉപയോക്താക്കൾക്കായി പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ച് ഗൂഗിൾ. ‘സെൽഫി വീഡിയോ’ എന്ന ഈ ഫീച്ചർ ഉപയോഗിച്ച് സ്വന്തം മുഖത്തിന്റെ ചെറിയൊരു വീഡിയോ റെക്കോർഡ് ചെയ്ത് അക്കൗണ്ട് തിരികെ പിടിക്കാൻ സാധിക്കും. സാധാരണയായി ഉപയോഗിക്കുന്ന ഫോണോ കമ്പ്യൂട്ടറോ കൈവശമില്ലാത്ത സാഹചര്യങ്ങളിലും തിരിച്ചറിയൽ സ്ഥിരീകരിക്കുന്നതിനാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സെൽഫി വീഡിയോ ഫീച്ചർ എങ്ങനെ പ്രവർത്തിക്കും?
ഗൂഗിൾ അക്കൗണ്ടിലെ ‘സെക്യൂരിറ്റി ആൻഡ് സൈൻ-ഇൻ’ സെറ്റിംഗ്സിൽ നിന്ന് ഈ ഓപ്ഷൻ തിരഞ്ഞെടുക്കാം. ക്യാമറയ്ക്ക് മുന്നിൽ നിന്ന് നിർദ്ദേശങ്ങൾക്കനുസരിച്ച് തല വിവിധ വശങ്ങളിലേക്ക് ചലിപ്പിച്ച് ചെറിയൊരു വീഡിയോ റെക്കോർഡ് ചെയ്യണം. പാസ്വേഡ് മറന്ന് അക്കൗണ്ട് വീണ്ടെടുക്കേണ്ടി വരുമ്പോൾ പുതിയൊരു സെൽഫി വീഡിയോ റെക്കോർഡ് ചെയ്യണം. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മുൻപ് സേവ് ചെയ്ത വീഡിയോയുമായി ഇത് ഒത്തുനോക്കിയ ശേഷമായിരിക്കും അക്കൗണ്ട് തുറന്നുനൽകുക. ആളുകളുടെ വ്യാജ രൂപങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാൻ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നയാൾ യഥാർത്ഥ വ്യക്തിയാണോ എന്ന് ഈ സംവിധാനം പരിശോധിക്കും.
ഉപയോക്താക്കളുടെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ഗൂഗിൾ ഉറപ്പുനൽകുന്നു. സെൽഫി വീഡിയോ എൻക്രിപ്റ്റ് ചെയ്താണ് സൂക്ഷിക്കുന്നത്. കൂടാതെ അക്കൗണ്ട് സെറ്റിംഗ്സിൽ നിന്ന് ഉപയോക്താവിന് എപ്പോൾ വേണമെങ്കിലും ഈ വീഡിയോ നീക്കം ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ലോഗിൻ പ്രക്രിയ കൂടുതൽ എളുപ്പമാക്കുന്നതിനും വേണ്ടിയാണ് ഗൂഗിളിന്റെ ഈ പുതിയ നീക്കം.
