കാസർകോട്: വഖഫ് ബോർഡ് നിയമനങ്ങളിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് ബോർഡ് നിയമനത്തിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തണമെന്ന നിയമത്തെ ഇടത് സർക്കാർ ശക്തമായി എതിർത്തിരുന്നുവെന്നും, അന്ന് ബോർഡ് അമുസ്ലീങ്ങളെ ഒഴിവാക്കിയാണ് പുനഃസംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അമുസ്ലീങ്ങളെ ഉൾപ്പെടുത്തണമെന്നതാണ് പുതിയ സർക്കാരിന്റെ നിലപാടെന്നും, അതിന്റെ ആവശ്യകത എന്താണെന്നും പിണറായി വിജയൻ ചോദിച്ചു. നിലവിൽ വഖഫ് ബോർഡിൽ ഭരണസ്തംഭനമൊന്നുമില്ലെന്നും, എന്നിട്ടും ഇത്തരമൊരു തീരുമാനം എടുത്തത് ആർ.എസ്.എസ് സ്വാധീനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ആർ.എസ്.എസ് നിർദേശങ്ങൾക്കനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും, യു.ഡി.എഫ്, ആർ.എസ്.എസിന്റെ പാതസേവകരായി മാറിയിരിക്കുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിലും മുൻ മുഖ്യമന്ത്രി പ്രതികരിച്ചു. എസ്.എസ്.കെ ഫണ്ട് ലഭിക്കുന്നതിനായാണ് കഴിഞ്ഞ സർക്കാർ പി.എം.ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകേണ്ടെന്ന നിലപാടാണ് പിന്നീട് ഇടത് സർക്കാർ സ്വീകരിച്ചതെന്നും അത് കേന്ദ്രസർക്കാരിനെ ഔദ്യോഗികമായി അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പി.എം.ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് തടസ്സമല്ലെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. അധികാരത്തിലെത്തിയാൽ പി.എം.ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞവരാണ് ഇപ്പോൾ അത് നടപ്പാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.സർക്കാർ ഇപ്പോൾ ആർ.എസ്.എസ് അജണ്ട നടപ്പാക്കുകയാണെന്നും, മറയില്ലാതെ ആർ.എസ്.എസ് നിലപാടുകൾ അംഗീകരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.
