ലോക ജനസംഖ്യ 10 കോടിയായി ചുരുങ്ങും, പ്രവചനവുമായി കമ്പ്യൂട്ടര്‍ വിദഗ്ധന്‍

നുഷ്യരാശിയുടെ ഭാവിയെക്കുറിച്ച് ഞെട്ടിക്കുന്ന പ്രവചനമാണ് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ കമ്പ്യൂട്ടര്‍ സയന്റിസ്റ്റ് നടത്തിയിരിക്കുന്നത്. 2300 ആകുമ്പോഴേക്കും ഭൂമിയില്‍ 10 കോടി ആളുകള്‍ മാത്രം അവശേഷിക്കും. അത് യുദ്ധങ്ങള്‍ കാരണമായിരിക്കില്ല. മറിച്ച് എഐ നമ്മുടെ ജോലികള്‍ ഏറ്റെടുക്കുന്നതിലൂടെയാകുമെന്നാണ് പ്രവചനം.

ഒക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ സുഭാഷ് കാക്കിന്റേതാണ് പ്രവചനം. ‘എഐ കൂട്ടത്തോടെ തൊഴില്‍ നഷ്ടം വരുത്തി നമ്മെ നിശ്ശബ്ദമായി ഇല്ലാതാക്കും. അത് ആഗോള ജനനനിരക്ക് തുടര്‍ച്ചയായി കുറയുന്നതിലേക്ക് നയിക്കും’ – ദി ഏജ് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

എഐ സമൂഹത്തിന് വിനാശകരമാകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ജനങ്ങള്‍ക്ക് ഇതേക്കുറിച്ച് ശരിക്കും ധാരണയില്ല. നമ്മള്‍ ചെയ്യുന്നതെല്ലാം അക്ഷരാര്‍ത്ഥത്തില്‍ കമ്പ്യൂട്ടറുകളോ റോബോട്ടുകളോ ചെയ്യും. ജീവിതത്തില്‍ നമ്മള്‍ ചെയ്യുന്ന മിക്ക കാര്യങ്ങള്‍ക്കും പകരമാകാന്‍ അവയ്ക്ക് കഴിയും – അദ്ദേഹം പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാവിയില്‍ തൊഴിലില്ലാത്തവര്‍ ആകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കുട്ടികളുണ്ടാകാന്‍ ആളുകള്‍ മടിക്കും. ഇതോടെ ജനനനിരക്ക് കുത്തനെ ഇടിയും.

ഇതോടെ ആഗോള ജനസംഖ്യ ഭീകരമായ തകര്‍ച്ച നേരിടും. 2300-ലോ 2380-ലോ ഭൂമിയില്‍ ആകെ 10 കോടി ജനങ്ങള്‍ എന്ന നിലയിലേക്ക് ജനങ്ങളുടെ എണ്ണം കൂപ്പുകുത്താമെന്നും ജനസംഖ്യാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട് – അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപ വര്‍ഷങ്ങളില്‍ യൂറോപ്പ്, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ ജനസംഖ്യാ ഇടിവ് പ്രകടമായിരിക്കുന്നത് തന്റെ വാദത്തിന് ബലം നല്‍കുന്നതാണെന്ന് അദ്ദേഹം പറയുന്നു. ഈ പ്രവണത അടുത്തകാലത്ത് കണ്ടുതുടങ്ങുമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ അതിനെ, മറികടക്കാന്‍ വളരെ പ്രയാസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് മനുഷ്യ സംസ്‌കാരം അവസാനിക്കുന്നതിനെക്കുറിച്ച് ഇലോണ്‍ മസ്‌ക് ആശങ്ക പ്രകടിപ്പിച്ചിരുന്നു. യൂറോപ്പിലെ കുറഞ്ഞ പ്രത്യുത്പാദന നിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്‌. പിന്നാലെയാണ് വിദൂരഭാവിയില്‍ ജനസംഖ്യ വന്‍തോതില്‍ കൂപ്പുകുത്തുമെന്ന കമ്പ്യൂട്ടര്‍ സയന്റിസ്റ്റിന്റെ പ്രവചനം.

More From Author

Leave a Reply

Your email address will not be published. Required fields are marked *