
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായിരുന്ന റാണി ലക്ഷ്മി നടത്തിയത് വൻ തട്ടിപ്പെന്ന് വിവരം. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നത്. ലൈഫ് ഭവന പദ്ധതിയുടെ ഫണ്ട് തട്ടിച്ച റാണി ലക്ഷ്മി കോന്നി അരുവാപ്പുലം പഞ്ചായത്തിലും തിരിമറി നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം.
റാണി ആദ്യം ജോലി ചെയ്തിരുന്ന കോന്നി അരുവാപ്പുലം പഞ്ചായത്തിലും തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിട്ടുള്ളത്. തട്ടിപ്പിന് പിന്നിൽ നടന്നത് വൻ ആസൂത്രണമെന്നാണ് വിവരം. ഫണ്ട് തിരിമറി നടത്തിയത് യഥാർത്ഥ ഗുണഭോക്തൃ പട്ടികയ്ക്കൊപ്പം വ്യാജ പട്ടിക ഉണ്ടാക്കിയായിരുന്നു. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ അരക്കോടി രൂപയുടെ തട്ടിപ്പ് പിടികൂടിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിൻ്റെ വ്യാപ്തി കണ്ടെത്തിയത്.
അരുവാപ്പുലം പഞ്ചായത്തിൽ ഇന്ന് പൊലീസും തദ്ദേശ വകുപ്പും പരിശോധന നടത്തും. ലൈഫ് പദ്ധതി വഴി ലഭിക്കുന്ന ഫണ്ട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്. ലൈഫ് പദ്ധതിയുടെ വ്യാജ ഗുണഭോക്തരുടെ ലിസ്റ്റ് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഈ ലിസ്റ്റ് യഥാർത്ഥ ലൈഫ് ഗുണഭോക്താക്കളുടെ പട്ടികയ്ക്ക് ഒപ്പം സമർപ്പിച്ചു. തുടർന്ന് ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് അടുപ്പക്കാരുടെ അക്കൗണ്ടുകളിലേക്ക് മാറ്റും.
