
ന്യൂഡൽഹി: ബാലാകോട്ട് വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ എഫ്-16 പോർവിമാനത്തെ തുരത്തിയ ഇന്ത്യൻ വ്യോമസേന മുൻ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ ഇനി സ്വകാര്യ വിമാനക്കമ്പനിയിൽ പൈലറ്റാകും. വ്യോമസേനയിൽനിന്ന് സ്വയം വിരമിക്കൽ പദ്ധതി (വി.ആർ.എസ്.) എടുത്ത അഭിനന്ദൻ വർധമാൻ ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനിയായ ‘ഫ്ലൈ91’ൽ കൊമേഴ്സ്യൽ പൈലറ്റായി ചേർന്നു.
2019ൽ ഇന്ത്യൻ സൈന്യം നടത്തിയ ബാലാകോട്ട് ആക്രമണത്തിനിടെ വിങ് കമാൻഡറായിരുന്ന അഭിനന്ദൻ വർധമാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതും പിന്നീട് ഇന്ത്യയ്ക്ക് കൈമാറിയതും രാജ്യാന്തര തലത്തിൽ വലിയ വാർത്തയായിരുന്നു. തുടർന്ന് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹത്തെ രാജ്യം വീരചക്ര നൽകി ആദരിക്കുകയും ചെയ്തിരുന്നു.
ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26നാണ് ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദ് ഭീകരക്യാമ്പുകൾക്ക് നേരെ വ്യോമാക്രമണം നടത്തിയത്. ശ്രീനഗർ ആസ്ഥാനമായ 51 സ്ക്വാഡ്രനിലെ വിങ് കമാൻഡറായിരുന്ന അഭിനന്ദൻ മിഗ്-21 വിമാനം ഉപയോഗിച്ച് പാകിസ്ഥാന്റെ എഫ്-16 പോർ വിമാനത്തെ പിന്തുടർന്ന് തുരത്തുകയായിരുന്നു. ഇന്ത്യൻ സൈനിക താവളങ്ങൾക്കും സൈനികർക്കും നേരെ ആക്രമണം നടത്താനുള്ള പാക് നീക്കത്തിനിടെയായിരുന്നു അഭിനന്ദൻ സ്വന്തം ജീവൻപോലും പണയപ്പെടുത്തി പാക് പോർവിമാനത്തെ പിന്തുടർന്നത്. പിന്നീട് എഫ്-16 വിമാനം പാക് അധീന കശ്മീരിൽ നിയന്ത്രണരേഖയ്ക്ക് സമീപം തകർന്നുവീണു.
ഇതിനിടെ പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള മേഖലയിൽ വീണ അഭിനന്ദനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തു. പാക് സൈന്യത്തിന്റെ കസ്റ്റഡിയിലായിരിക്കെ അഭിനന്ദൻ പ്രകടിപ്പിച്ച ധൈര്യവും ആത്മവിശ്വാസവും രാജ്യസ്നേഹവും ലോകശ്രദ്ധ നേടി. ഇന്ത്യ നടത്തിയ ശക്തമായ നയതന്ത്ര ഇടപെടലുകൾക്കും സമ്മർദങ്ങൾക്കും പിന്നാലെ മൂന്ന് ദിവസത്തിനുള്ളിൽ പാകിസ്ഥാൻ അഭിനന്ദനെ വിട്ടയച്ചു.
2021ലാണ് അഭിനന്ദൻ വർധമാന് രാജ്യം വീരചക്ര നൽകി ആദരിച്ചത്. പിന്നീട് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റവും ലഭിച്ചു. വ്യോമസേനയിലെ സേവനത്തിന് ശേഷം ഇപ്പോൾ സ്വകാര്യ വിമാനക്കമ്പനിയിലെ കൊമേഴ്സ്യൽ പൈലറ്റായാണ് അഭിനന്ദന്റെ പുതിയ ദൗത്യം.
