
വാഷിങ്ടൺ: കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്ക്യാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതികരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയും ഇറാനും തമ്മിൽ വ്യാപാര കരാറുണ്ടെന്ന് കരുതുന്നില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് റൂബിയോ മറുപടി നൽകി. നിരവധി രാജ്യങ്ങൾ ഇറാനുമായി ബന്ധം പുലർത്തുന്നുണ്ടെന്നും എന്നാൽ അമേരിക്കൻ ഉപരോധങ്ങളിൽനിന്ന് രക്ഷപ്പെടാൻ ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെയും ഉപരോധ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘‘ഇന്ത്യയും ഇറാനും തമ്മിൽ ഒരു വ്യാപാര കരാർ നിലവിലുണ്ടെന്ന് കരുതുന്നില്ല. എല്ലാ രാജ്യങ്ങളും അവരുടേതായ വിദേശനയം രൂപീകരിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഇറാൻ ഭരണകൂടവുമായി സംസാരിക്കുന്നുമുണ്ട്. ഒരു രാജ്യവും ഉപരോധങ്ങളിൽനിന്ന് രക്ഷപ്പെടാൻ ഇറാനെ സഹായിക്കരുത്. ഭീകരതയെ സ്പോൺസർ ചെയ്യുന്നതിനും ആണവായുധം നിർമ്മിക്കാൻ ശ്രമിക്കുന്നതിനും ഉപയോഗിക്കാവുന്ന തരത്തിൽ വരുമാനമുണ്ടാക്കാനുള്ള സംവിധാനങ്ങൾ നിർമ്മിക്കാൻ ഒരു രാജ്യവും അവരെ സഹായിക്കാൻ പാടില്ല. രാജ്യങ്ങൾ അങ്ങനെ ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, അവരെയും നമുക്ക് ഉപരോധിക്കേണ്ടി വരും.’’ – മാർക്കോ റൂബിയോ പറഞ്ഞു.
കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്ക്യാനും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ–ഇറാൻ ഉഭയകക്ഷി ബന്ധവും മേഖലയിലെ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തതായാണ് സൂചന.
