ലിപ്സ്റ്റിക്കും ബ്ലഷും ഉൾപ്പടെ സൗന്ദര്യ വർദ്ധക വസ്തുക്കൾ കഴിച്ചു; യുവ ബ്യൂട്ടി ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

ഇന്ന് കോസ്മറ്റിക് വസ്തുക്കളുടെ ഉപയോഗം കൂടിക്കൂടി വരുകയാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ പല തരത്തിലുള്ള കോസ്മെറ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. പല വിലകളിലും ബ്രാൻഡുകളിലും ഇത്തരം വസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. കോസ്മെറ്റിക് വസ്തുക്കൾ കഴിച്ചതിനെ തുടർന്ന് ഇരുപത്തിനാലുകാരിയായ തായ്‌വാനീസ് ബ്യൂട്ടി ഇൻഫ്ലുവൻസർ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. ലിപ്സ്റ്റിക്, ബ്ലഷ്, ഫെയ്സ് മാസ്കുകൾ എന്നിവ കഴിക്കുന്നത് യുവതി തന്നെ ‘മേക്കപ്പ് മുക്ബാങ്’ എന്ന വിഡിയോയിലൂടെ പങ്കുവച്ചിരുന്നു. സമൂഹമാധ്യമത്തിൽ ഗുവ ബ്യൂട്ടി എന്ന പേരിലുള്ള പേജിലൂടെയാണ് യുവതി വിഡിയോകൾ പങ്കുവച്ചിരുന്നതെന്ന് ‘സൗത്ത് ചൈന മോണിങ് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

ഹൃദയാഘാതത്തെ തുടർന്ന് മേയ് 24നാണ് യുവതി മരിച്ചത്. കോസ്മറ്റിക് വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന വിഷപദാര്‍ഥമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ജെല്ലി പോലെയുള്ള ഒരു ബ്ലഷ് ചുണ്ടിലും കവിളിലും പുരട്ടിയ ശേഷം അത് വായിലിട്ടു ചവയ്ക്കുന്ന ഒരു വിഡിയോ യുവതി പങ്കുവച്ചിരുന്നു. അഗർ ജെല്ലിപോലെ ക്രിസ്പിയാണിതെന്നും എന്നാൽ രുചി അസഹനീയമാണെന്നും യുവതി വിഡിയോയിൽ പറയുന്നുണ്ട്. യുവതിയുടെ ഇത്തരത്തിലുള്ള വിഡിയോകൾ സമൂഹമാധ്യമത്തിൽ വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ഇത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ഫോളവേഴ്സില്‍ പലരും അഭിപ്രായപ്പെട്ടു. ഇത്തരം വസ്തുക്കളിൽ അപകടകരമായ രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നും കഴിക്കരുതെന്നും നിരവധിപേർ കമന്റ് ചെയ്തു. യുവതലമുറയെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന ഇത്തരം വിഡിയോകൾ നീക്കം ചെയ്യാൻ ഇടപെടലുണ്ടാകണമെന്ന രീതിയിലുള്ള കമന്റുകളും എത്തി.

മരണവാർത്ത യുവതിയുടെ കുടുംബം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ‘വളരെ സങ്കടകരമായ സമയത്തിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. ഗുവ ബ്യൂട്ടി അവളുടെ മേക്കപ്പ് ബ്രഷുകൾ ഉപേക്ഷിച്ച് സ്വർഗത്തിലേക്കു പറന്നു. നിങ്ങളുടെ ലൈക്കുകൾക്കും കമന്റുകള്‍ക്കും നന്ദി. ചിലപ്പോൾ നമ്മൾ വീണ്ടും കാണും.’– എന്ന കുറിപ്പോടെയാണ് ഗുവയുടെ മരണ വാർത്ത കുടുംബം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ചൈനയിലും ഏഷ്യയിലുമായി ഗുവയ്ക്ക് നിരവധി ഫോളവേഴ്സുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *