Your Image Description Your Image Description

പാലക്കാട്: പാലക്കാട് പുതുപ്പെരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശിനി മീര (29) ആണ് മരിച്ചത്. ഇന്നലെ ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് മീര വന്നിരുന്നു. ഇതിനുശേഷം രാത്രി 11 ഓടെ ഭർത്താവ് അനൂപ് എത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും ഇതിനുശേഷമാണ് മീര മരിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

മരണവിവരം അറിയിച്ചത് പൊലീസാണെന്നും മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മീരയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മീരയെ ഭര്‍ത്താവ് അനൂപ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇന്നലെയും വഴക്കുണ്ടായതിനെതുടര്‍ന്നാണ് മീര സ്വന്തം വീട്ടിലെത്തിയതെന്നും ബന്ധു ഡെയ്സി അനിൽകുമാര്‍ പറഞ്ഞു. തുടര്‍ന്ന് രാത്രി ഭര്‍ത്താവ് അനൂപ് വന്ന് സംസാരിച്ച് വിളിച്ചുകൊണ്ടുപോവുകയായിരുന്നു.
ഏറെനാളായി മീര ഭര്‍ത്താവിൽ നിന്ന് അതിക്രമം നേരിടുന്നുണ്ടെന്നും ഡെയ്സി പറഞ്ഞു.

മദ്യപിച്ചടക്കം എത്തി ഭര്‍ത്താവ് അനൂപ് അതിക്രമം നടത്താറുണ്ടെന്ന് മീര കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. മരണത്തിൽ ബന്ധുക്കള്‍ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും മറ്റു നടപടികളിലേക്ക് കടക്കുമെന്നുമാണ് പൊലീസ് അറിയിക്കുന്നത്.

മീരയുടെ രണ്ടാം വിവാഹമാണിത്.മീരയും അനൂപും തമ്മിൽ സൗഹൃദത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.

Related Posts