Home » Blog » kerala Max » യുഎസ്-ഇറാൻ സമാധാന ചർച്ചകളിൽ വൻ പുരോഗതി; കരാർ ഇസ്രായേലിനും ബാധകമെന്ന് പുതിയ വെളിപ്പെടുത്തൽ, ലോകത്തിന് പ്രതീക്ഷ
TRUMPPP

മേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായെന്ന വാർത്ത അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതീക്ഷയോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. ചർച്ചകളിലെ ഈ അനുകൂല സാഹചര്യത്തെ യൂറോപ്യൻ യൂണിയനും ബ്രിട്ടനുമടക്കം സ്വാഗതം ചെയ്തു. ചർച്ചകളിൽ കാര്യമായ പുരോഗതി കൈവരിക്കാൻ സാധിച്ചതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സ്ഥിരീകരിച്ചു. ചർച്ചകൾ ധാരണയിലേക്ക് അടുക്കുകയാണെന്ന അമേരിക്കയുടെ വാദങ്ങളെ ഇറാനും നിഷേധിക്കുന്നില്ല എന്നത് സമാധാനത്തിലേക്കുള്ള വഴിതുറക്കുന്നുവെന്ന ആശ്വാസമാണ് നൽകുന്നത്.

ഇറാൻ മാധ്യമങ്ങൾ കരാറിനെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ നിഷേധിച്ചെങ്കിലും, സമാധാന സാധ്യതകളെ അവർ പൂർണ്ണമായി തള്ളിക്കളയുന്നില്ല. വിയോജിപ്പുകൾ ഉന്നയിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകിക്കൊണ്ട്, സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും സുപ്രീം കൗൺസിലും പരമോന്നത നേതാവും അംഗീകരിച്ചവയാണെന്ന് ഇറാൻ പ്രസിഡന്റ് ജനങ്ങളോട് വ്യക്തമാക്കി. തങ്ങളുടെ നയതന്ത്ര തീരുമാനങ്ങളെ അംഗീകരിക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോടും പൊതുജനങ്ങളോടും ആഹ്വാനം ചെയ്യുകയുണ്ടായി.

ഇറാൻ മുന്നോട്ടുവെക്കുന്ന അവകാശവാദങ്ങൾ പ്രകാരം, 60 ദിവസത്തെ വെടിനിർത്തൽ കരാറിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം തുടർന്നും ഇറാനായിരിക്കുമെന്നും അവർ വ്യക്തമാക്കുന്നു. കൂടാതെ, ആണവ പദ്ധതികൾ നിർത്തിവെക്കാനോ യുറേനിയം ശേഖരം നീക്കം ചെയ്യാനോ കരാറിൽ വ്യവസ്ഥയില്ലെന്നും ഇറാൻ അവകാശപ്പെടുന്നു. അതേസമയം, അമേരിക്കയുമായുള്ള ധാരണകൾ ഇസ്രയേലിനും ബാധകമായിരിക്കുമെന്നും ലബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ യുദ്ധം അവസാനിപ്പിക്കാൻ ഇത് സഹായിക്കുമെന്നും ഇറാൻ നിലപാട് സ്വീകരിക്കുന്നു.

ഈ നിർണായക ചർച്ചകളിൽ അമേരിക്കയ്ക്കും ഇറാനും പുറമെ പാകിസ്ഥാനും നേരിട്ടല്ലാത്ത രീതിയിൽ സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, ജോർദാൻ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും പങ്കാളികളായി. ടെലിഫോണിക് സംഭാഷണത്തിലൂടെ ഒരു ‘മിനി ഉച്ചകോടി’ തന്നെ ഇതിലൂടെ നടന്നുവെന്നാണ് വിലയിരുത്തൽ. പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നിലനിൽക്കുന്നുണ്ടെങ്കിലും, സമാധാനത്തിലേക്കുള്ള ഔദ്യോഗികമായ പ്രഖ്യാപനം അധികം വൈകാതെ ലോകത്തിന് മുന്നിലെത്തുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്ട്ര സമൂഹം.