Home » Blog » Kerala » ​മോദിക്കെതിരായ അധിക്ഷേപം; കോൺഗ്രസ് അധ്യക്ഷനെതിരെ രൂക്ഷവിമർശനവുമായി രാജീവ് ചന്ദ്രശേഖർ, നിലവാരമില്ലാത്ത രാഷ്ട്രീയമെന്ന് ആക്ഷേപം
images (15)

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് നേതാക്കളും അണികളും നിരന്തരം നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെരുവ് ഗുണ്ടകളുടെ ഭാഷയിലാണ് കോൺഗ്രസ് അധ്യക്ഷൻ സംസാരിക്കുന്നത്. ഖാർഗെ മുൻപും സമാനമായ രീതിയിൽ സംസാരിച്ചിട്ടുണ്ടെന്നും, ഇത്തരത്തിലുള്ള നിലവാരമില്ലാത്ത രാഷ്ട്രീയ സംസ്കാരത്തിന്റെ തുടക്കം സോണിയാ ഗാന്ധിയിൽ നിന്നാണെന്നും രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

 

നിലവാരമില്ലാത്ത ഈ രാഷ്ട്രീയ ശൈലി കോൺഗ്രസ് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഖാർഗെയുടെ അധിക്ഷേപത്തിൽ സംസ്ഥാനത്തുടനീളം ബിജെപി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു. ജനങ്ങളോട് നിരന്തരം നുണ പറയുകയും നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് കോൺഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അതേസമയം, കേരളത്തിലെ പിഎസ്‌സി തട്ടിപ്പ് വിഷയത്തിൽ ഗവർണർ സ്വീകരിച്ച നടപടിയെ രാജീവ് ചന്ദ്രശേഖർ പൂർണ്ണമായും പിന്തുണച്ചു. പിഎസ്‌സിയിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്നും, സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാത്തതുകൊണ്ടാണ് ഗവർണർക്ക് നേരിട്ട് ഇടപെടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. വീഴ്ച സംഭവിച്ചാൽ തിരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെങ്കിലും നിലവിലെ സർക്കാരിനുള്ളിൽ ഓരോ വിഷയത്തിലും പത്ത് അഭിപ്രായങ്ങളാണുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു.

 

പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ ഗവർണർ നൽകിയ ശുപാർശയിൽ യാതൊരു അനൗചിത്യവുമില്ലെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ബിജെപി നേതാവ് വി. മുരളീധരനും വ്യക്തമാക്കി. മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ പ്രവർത്തിച്ചത് പൂർണ്ണമായും ഭരണഘടനാപരമായാണ്. പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും സർക്കാർ നേരത്തെ തന്നെ പുറത്താക്കേണ്ടതായിരുന്നുവെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *