
ഭോപ്പാൽ: മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഗുട്ക തുപ്പുന്നതിനിടെ ഹൈടെൻഷൻ ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 65-കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ വിദിശ ജില്ലയിലുള്ള ഗഞ്ച്ബസോഡയിൽ വെള്ളിയാഴ്ച (ഒക്ടോബർ 23) ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഛത്തർപുർ സ്വദേശിയും കെട്ടിടനിർമാണ തൊഴിലാളിയുമായ പ്രഭുലാൽ ഗുപ്തയാണ് മരിച്ചത്. 11,000 വോൾട്ട് ശേഷിയുള്ള ഹൈടെൻഷൻ ലൈനിൽ നിന്നാണ് ഇദ്ദേഹത്തിന് വൈദ്യുതാഘാതമേറ്റത്.
കഴിഞ്ഞ പത്ത് വർഷമായി പ്രഭുലാൽ ഈ കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ബാൽക്കണിയിൽ നിന്ന് താഴേക്ക് തുപ്പിയ ഉമിനീർ സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനുമായി സമ്പർക്കത്തിൽ വരികയും, ഉമിനീരിലൂടെ വൈദ്യുതി നേരിട്ട് ശരീരത്തിലേക്ക് പ്രവഹിക്കുകയുമായിരുന്നു എന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. സമ്പർക്കമുണ്ടായ ഉടൻ തന്നെ പ്രഭുലാലിന് ഗുരുതരമായി പൊള്ളലേൽക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ വൈദ്യുതി വിതരണ കമ്പനിക്കെതിരെ കടുത്ത പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. വീടുകൾക്ക് തൊട്ടടുത്തു കൂടെ കടന്നുപോകുന്ന അപകടകരമായ ഹൈടെൻഷൻ ലൈനുകളെക്കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വൈദ്യുതി ലൈനുകൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നെങ്കിലും നടപ്പിലായില്ലെന്ന് വീട്ടുടമയായ പദ്മ ചിദറും ആരോപിച്ചു. അപകടത്തോടെ മേഖലയിലെ വൈദ്യുതി ലൈനുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക രൂക്ഷമായിട്ടുണ്ട്.
