മലപ്പുറം: മുസ്‌ലിം ലീഗിൽ മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ സജീവമാകുമ്പോൾ നേതാക്കൾക്കിടയിൽ പിടിവലി ശക്തമാകുന്നു. പൊതുമരാമത്ത് വകുപ്പ് പ്രതീക്ഷിച്ച് കെ എം ഷാജിയും പി കെ ബഷീറും രംഗത്തെത്തി. ഇരുവരെയും അഭിനന്ദിച്ച് അരീക്കോട് പ്രദേശത്ത് ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നതും ശ്രദ്ധേയമായി.
ഇന്നലെ പി കെ ബഷീറിന് വേണ്ടി ഫ്‌ളക്‌സ് സ്ഥാപിച്ചതിന് പിന്നാലെ, കെ എം ഷാജിക്ക് വേണ്ടി അതേ സ്ഥലത്ത് തന്നെ മറ്റൊരു ഫ്‌ളക്‌സും പ്രത്യക്ഷപ്പെട്ടു. “നിയുക്ത മന്ത്രിക്ക് അഭിവാദ്യങ്ങൾ” എന്ന എഴുത്തോടെയാണ് ബോർഡുകൾ ഉയർന്നിരിക്കുന്നത്. ഇതിനിടെ പി കെ കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, ന്യൂനപക്ഷം, ഐ.ടി. വകുപ്പുകൾ ലഭിക്കാമെന്ന സൂചനയുണ്ട്. കൂടാതെ ഉപമുഖ്യമന്ത്രി സ്ഥാനവും കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വിദ്യാഭ്യാസ മന്ത്രിസ്ഥാനം സംബന്ധിച്ച് എൻ ഷംസുദ്ദീൻ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. തദ്ദേശ വകുപ്പ് പാറക്കൽ അബ്ദുള്ളയോ എ കെ എം അഷ്റഫോ നേടാൻ സാധ്യതയുണ്ട്. അതേസമയം, വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് മുസ്‌ലിം ലീഗ്. പാർട്ടിയും അധ്യക്ഷനും ചേർന്നാണ് അന്തിമ തീരുമാനമെടുക്കുക എന്ന നിലപാടാണ് നേതൃത്വം വ്യക്തമാക്കുന്നത്.
