Home » Blog » kerala Max » മാധ്യമങ്ങളെ സർക്കാർ ഭയപ്പെടുത്തുന്നു; മാധ്യമസ്വാതന്ത്ര്യ സൂചികയിലെ തിരിച്ചടിയിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ്
Untitled-1

ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം വൻതോതിൽ ഇടിഞ്ഞതിനെത്തുടർന്ന് ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ബിജെപി സർക്കാർ ന്യൂസ് റൂമുകളെ നിശബ്ദമാക്കുകയാണെന്നും മാധ്യമപ്രവർത്തകരെ ഭയപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കേണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ പുറത്തുവിട്ട 2024-ലെ സൂചിക പ്രകാരം 180 രാജ്യങ്ങളിൽ ഇന്ത്യ 157-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഇത് 151 ആയിരുന്നു. കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും മോശം നിലയിലേക്കാണ് ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യം കൂപ്പുകുത്തിയിരിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യത്തിൽ നോർവേ ഒന്നാം സ്ഥാനം നിലനിർത്തി. ആഫ്രിക്കൻ രാജ്യമായ എറിത്രിയയാണ് പട്ടികയിൽ ഏറ്റവും ഒടുവിൽ (180). അമേരിക്ക 64-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇസ്രയേൽ 116-ാം സ്ഥാനത്താണ്. കിഴക്കൻ യൂറോപ്പും പശ്ചിമേഷ്യയുമാണ് മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ മേഖലകൾ. ഗാസയിൽ മാത്രം ഇസ്രയേൽ സൈന്യം ഇരുന്നൂറിലധികം മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുൾപ്പെടെയുള്ള 60 ശതമാനത്തിലധികം രാജ്യങ്ങളിലും മാധ്യമപ്രവർത്തനത്തെ ക്രിമിനൽ കുറ്റമാക്കുന്ന നടപടികൾ വർധിച്ചു വരികയാണെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.