പാചക വാതക വിലയിൽ ഒറ്റയടിക്ക് വരുത്തിയ വൻ വർധനവിനെതിരെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രത്തിലെ ഏറ്റവും വലിയ വില വർധനവിലൂടെ ജനജീവിതത്തെ അതിഗുരുതരമായ പ്രതിസന്ധിയിലേക്കാണ് കേന്ദ്രം തള്ളിവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വാണിജ്യ സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 993 രൂപയോളം വർധിപ്പിച്ചത് അന്യായമാണ്. ഇത് സാധാരണക്കാരുടെ ജീവിതച്ചെലവ് വർധിപ്പിക്കുകയും ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ പൂർണ്ണമായും തകർക്കുകയും ചെയ്യും. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായതിന് തൊട്ടുപിന്നാലെ വില കൂട്ടിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം നിലവിൽ തന്നെ ഇന്ധന ക്ഷാമം നേരിടുന്ന ഹോട്ടൽ മേഖലയ്ക്ക് ഈ വിലക്കയറ്റം താങ്ങാനാവില്ല. ആഹാരസാധനങ്ങളുടെ വില കൂടാൻ ഇത് കാരണമാകും. എണ്ണക്കമ്പനികളുടെ ലാഭം മാത്രം ലക്ഷ്യമിട്ട് ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന നയം തിരുത്തപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
