Home » Blog » kerala Max » മഴക്കെടുതി തുടരുന്നു; ഡൽഹിയിൽ കെട്ടിടം തകർന്നു, മൂന്ന് പേർ മരിച്ചു
images (46)

ഡൽഹി: ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴയിൽ ഡൽഹിയിലെ രോഹിണിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ മൂന്നായി. കെട്ടിട ഉടമയുടേതടക്കമുള്ള മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. കടുത്ത ഉഷ്ണതരംഗത്തിന് ആശ്വാസമായാണ് മഴ എത്തിയതെങ്കിലും, ഡൽഹിയിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

 

കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോർഡ് മഴയാണ് തലസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഡൽഹിക്ക് പുറമെ ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹിമാചൽ പ്രദേശിലെ രാംപൂരിൽ താൽക്കാലിക പാലങ്ങൾ ഒലിച്ചുപോയതോടെ പല ഗ്രാമങ്ങളും പുറംലോകവുമായി ബന്ധമില്ലാത്ത അവസ്ഥയിലാണ്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ഹിമാചലിലും ജമ്മു കശ്മീരിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

ജമ്മു കശ്മീരിലെ വൈഷ്ണോദേവി പാതയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ബാറ്ററി കാർ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാൾ ജില്ലയിൽ ദേശീയപാത 707A-യ്ക്ക് സമീപം മണ്ണിടിച്ചിലിൽ കെട്ടിടം തകർന്നു. അപകടസാധ്യത മുൻകൂട്ടി കണ്ട് ആളുകളെ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. മേഖലയിലേക്കുള്ള ഗതാഗതം നിലവിൽ നിരോധിച്ചിരിക്കുകയാണ്. ഡൽഹി എൻ.സി.ആർ മേഖല, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പല ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.