Your Image Description Your Image Description

ഇടുക്കി : മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും യോഗം വിളിച്ച് ചേര്‍ത്ത് മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് ജില്ലാ വികസന സമിതി തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിൽ കളക്ടർ വി വിഗ്നേശ്വരി അധ്യക്ഷത വഹിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലയില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വാര്‍ഷികാഘോഷത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച നെടുങ്കണ്ടം വൊക്കെഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാതല യോഗം ചേരും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ഞൂറോളം പേര്‍ യോഗത്തില്‍ പങ്കെടുക്കും. ഏപ്രില്‍ 29 ന് രാവിലെ 8.30 ന് ചെറുതോണി പൊലീസ് സ്റ്റേഷന്‍ ഭാഗത്തു നിന്നും ആരംഭിക്കുന്ന വിളംബര ജാഥ വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എത്തിച്ചേരുന്നതോടെ എന്റെ കേരളം പ്രദര്‍ശന വിപണന മേളക്ക് പതാക ഉയരും. വിവിധ കലാപരിപാടികള്‍ക്കൊപ്പം ഏഴ് ദിവസങ്ങളിലും വിജ്ഞാന പ്രദമായ സെമിനാര്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു. സെമിനാറില്‍ ഗുണഭോക്താക്കളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ അതാത് വകുപ്പുകള്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

അടുത്ത 15 ദിവസത്തിനുള്ളില്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ സാന്നിധ്യത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ട്രീ കമ്മിറ്റി ചേര്‍ന്ന് റോഡരികില്‍ അപകട ഭീഷണിയായ മരങ്ങള്‍ മുറിച്ച് മാറ്റുന്നതടക്കമുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും വികസന സമിതിയില്‍ കളക്ടര്‍ ആവശ്യപ്പെട്ടു.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കമെന്ന നിലക്ക് 2018 ലെ പ്രളയകാലത്ത് വകുപ്പുകള്‍ നേരിട്ട പ്രതിസന്ധികളും പ്രതിസന്ധികള്‍ എങ്ങനെ പരിഹരിച്ചു എന്നതിന്റെയും റിപ്പോര്‍ട്ട് വകുപ്പ് മേധാവികളോട് കളക്ടര്‍ ആവശ്യപ്പെട്ടു.

തോട്ടം മേഖലകളില്‍ ബാലവേല നിരോധന നിയമം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് ജില്ലാ വികസന സമിതി നിര്‍ദേശം നല്‍കി. ബാലവേലയ്‌ക്കെതിരെ ജില്ലാഭരണകൂടം കര്‍ശന നടപടി സ്വീകരിക്കുമെന്നും, തോട്ടം മേഖലകളില്‍ ബാലവേല നടക്കുന്നുണ്ടോയെന്ന് പരിശോധന നടത്താനും ജില്ലാകളക്ടര്‍ ജില്ലാ ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടു. ചിന്നാര്‍ പൊതുമരാമത്ത് റോഡില്‍ വനം വകുപ്പ് ചെക്ക് പോസ്റ്റ് സ്ഥാപിച്ച് ടോള്‍ പിരിവ് നടത്തുന്നു എന്ന പരാതിയില്‍ ഡീന്‍ കുര്യാക്കോസ് എംപി വനം വകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts