Your Image Description Your Image Description

തിരുവനന്തപുരം: മലബാർ കലാപത്തെക്കുറിച്ചുള്ള നിലവിലെ ചർച്ചകൾക്ക് പുതിയ മാനം നൽകിക്കൊണ്ട് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന വിവാദമാകുന്നു. മലബാർ കലാപത്തിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുകയാണുണ്ടായതെന്നും, ഇതിനെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിൽ, അദ്ദേഹം വേദി വിട്ടതിന് ശേഷമാണ് വെള്ളാപ്പള്ളി ഈ പരാമർശം നടത്തിയത്. നേരത്തെ മുഖ്യമന്ത്രി, വർഗീയ വിഷം ചീറ്റാൻ ഗുരുദർശനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രസംഗിച്ചിരുന്നു.

ലോകത്ത് ശാശ്വതമായ സമാധാനം ഉണ്ടാകാൻ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ മാത്രമാണ് ഏക പരിഹാരമെന്ന് പറഞ്ഞുകൊണ്ടാണ് വെള്ളാപ്പള്ളി തന്റെ പ്രസംഗം ആരംഭിച്ചത്. “തന്നെപ്പോലെ അയൽക്കാരനെയും സ്നേഹിക്കണം എന്ന് പറഞ്ഞവരുടെ അനുയായികൾ ഇപ്പോൾ അങ്ങനെ ചെയ്യുന്നുണ്ടോ?” എന്ന് അദ്ദേഹം ചോദിച്ചു. തുടർന്ന് എല്ലാ മതങ്ങളും ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറുന്നുവെന്ന് വിമർശിച്ചു.

ശ്രീനാരായണ ഗുരു ആലുവയിൽ സർവമതസൗഹാർദ്ദ സമ്മേളനം നടത്താനുള്ള കാരണം മാപ്പിളലഹളയാണെന്ന് വെള്ളാപ്പള്ളി വെളിപ്പെടുത്തി. “മുസ്‌ലിം സമുദായം ലഹള നടത്തി ഹിന്ദുക്കളെ മാനഭംഗപ്പെടുത്തുകയും മതപരിവർത്തനം ചെയ്യുകയും ചെയ്ത മഹത്തായ ദുരിതമായിരുന്നു അത്. അത് കേട്ടറിഞ്ഞ ഗുരുദേവൻ എന്താണ് ആ ദുഃഖം എന്നറിയാൻ കുമാരനാശാനെ അവിടേക്ക് അയച്ചു,” അദ്ദേഹം പറഞ്ഞു.

കുമാരനാശാൻ അവിടെ പോയി സത്യങ്ങളെല്ലാം ഗുരുവിനോട് പറഞ്ഞപ്പോഴാണ് സർവമത സമ്മേളനം വിളിച്ചുകൂട്ടാൻ ഗുരുവിന് പ്രേരണയായതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. കുമാരനാശാൻ ഇതിനെക്കുറിച്ച് ഒരു കാവ്യം എഴുതിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

“ചരിത്രം പോലും മാറ്റി മറിച്ചുകൊണ്ട് അതിനെ സ്വാതന്ത്ര്യസമരമാക്കാനാണ് പലരും ശ്രമിക്കുന്നത്. ഗുരുദർശനങ്ങൾ നമ്മൾ മാത്രം ഉൾക്കൊള്ളുകയും മറ്റാരും അതിന് തയ്യാറാകാതെയിരിക്കുന്ന ദുരവസ്ഥയാണ് ഇപ്പോഴുള്ളത്. ലോകത്ത് ശാശ്വതമായ സമാധാനമുണ്ടാകാൻ ഗുരുദർശനം മാത്രമാണ് ഒറ്റമൂലി,” വെള്ളാപ്പള്ളി തന്റെ വാക്കുകൾ അവസാനിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം പെരിങ്ങമല ശാഖ നിർമ്മിച്ച ശ്രീനാരായണീയം കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ.

 

 

 

Related Posts