Your Image Description Your Image Description

ഈ സർക്കാരിൻ്റെ കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് 12,000 വീടുകളും പുനർഗേഹം പദ്ധതിവഴി 6,300 ഫ്ലാറ്റുകളും നിർമ്മിച്ചു നൽകിയതായി ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള മത്സ്യഫെഡിൻ്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ‘മികവ് 2025’ ൻ്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ജവഹര്‍ ബാലഭവൻ ഓഡിറ്റോറിയത്തില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

400 ഫ്ലാറ്റുകളുടെ താക്കോൽദാനം അടുത്തുതന്നെ മുഖ്യമന്ത്രി നിർവഹിക്കും. കടൽക്ഷോഭം ചെറുക്കുന്നതിന് ചെല്ലാനത്ത് 344 കോടി രൂപ മുടക്കി കടൽഭിത്തി നിർമ്മാണം സർക്കാർ പൂർത്തീകരിച്ചു. കേരളത്തിൻ്റെ കടലോരമേഖലകളെ പരമാവധി കടൽഭിത്തികൾ കെട്ടി സംരക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ നൽകിയ എൻട്രൻസ് പരിശീലനത്തിലൂടെ ഈ വർഷം മാത്രം 26 വിദ്യാർഥികൾക്ക് മെഡിക്കൽ പ്രവേശനം നേടാനായി. മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നും 90 കുട്ടികളാണ് കഴിഞ്ഞ വർഷങ്ങളിൽ ഡോക്ടർമാരായത്. എഞ്ചിനീയറിങ്, നിയമം, അധ്യാപനം തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ പഠിച്ച് നിരവധി വിദ്യാർഥികളാണ് പുറത്ത് വരുന്നത്. സിവിൽ സർവീസിൻൽ താല്പര്യമുള്ളവർക്ക് സിവിൽ സർവീസ് അക്കാദമി വഴി പഠനത്തോടൊപ്പം താമസത്തിനുമുള്ള അവസരവും നൽകുന്നു. രക്ഷിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠിക്കാൻ ഒരുലക്ഷം രൂപവരെ ലഭിക്കുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള പത്ത് ടെക്നിക്കൽ സ്കൂളുകളിൽ കുട്ടികൾക്ക് താമസിച്ച് പഠിക്കാൻ അവസരമുണ്ടെന്നും ഈ സ്കൂളുകളിൽ കുട്ടികളെ സഹായിക്കുന്നതിന് പ്രമോട്ടർമാരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സർക്കാർ ചെലവിൽ മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നും രണ്ടു കുട്ടികളെ യൂറോപ്പിൽ അയച്ച് പഠിപ്പിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. 90 ലക്ഷം രൂപയാണ് ഇവരുടെ പഠനത്തിനായി ചെലവഴിച്ചത്. സാമ്പത്തിക ഭദ്രതയ്ക്കൊപ്പം സാമൂഹിക ഉന്നമനവും മത്സ്യത്തൊഴിലാളി മേഖലയിൽ ഉണ്ടാകണമെങ്കിൽ കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം നൽകണം.
പരീക്ഷയിൽ ഫുൾ എ പ്ലസ് നേടുക മാത്രമല്ല ജീവിതത്തിലും എ പ്ലസ് കരസ്ഥമാക്കുന്നതിലാണ് കാര്യമെന്നും സ്വയം പഠിക്കുന്നതിനൊപ്പം മറ്റുള്ളവരെയും പഠിക്കാൻ പ്രേരിപ്പിക്കണമെന്നും അവാർഡ് ജേതാക്കളോട് മന്ത്രി പറഞ്ഞു.

ആലപ്പുഴ ജില്ലയിൽ എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 124 വിദ്യാർഥികൾക്കും പ്ലസ്ടുവിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 31 വിദ്യാർഥികൾക്കുമാണ് അവാർഡുകൾ വിതരണം ചെയ്തത്.

ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി. വി ആര്‍ രമേശ് എന്‍ഡോവ്മെന്റ് അവാർഡ് പി പി ചിത്തരഞ്ജന്‍ എംഎൽഎ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി വിശിഷ്ടാതിഥിയായി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷ എ എസ് കവിത, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പി സഹദേവൻ, ജില്ലാ മാനേജര്‍ ബി ഷാനവാസ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് റീജിയണൽ എക്സിക്യൂട്ടീവ് പി ആർ കുഞ്ഞച്ചൻ, കടാശ്വാസ കമ്മീഷൻ അംഗം സി ഷാംജി, മത്സ്യഫെഡ് ഭരണസമിതി അംഗം പി എസ് ബാബു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *