Your Image Description Your Image Description

കോട്ടയം: മുണ്ടക്കയത്ത് പട്ടാപകൽ വീട്ടിൽ കയറി ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരിനിലം സ്വദേശി പ്രദീപിനെയാണ് (48) തൂങ്ങി മരിച്ച നിലയിൽ അൽപ സമയം മുൻപ് കണ്ടെത്തിയത്. പുഞ്ചവയൽ ചേരുതോട്ടിൽ ബീന (65), മകൾ സൗമ്യ എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരുടെയും കഴുത്തിനാണ് ഗുരുതരമായി മുറിവേറ്റത്. സംഭവത്തെ തുടർന്ന് സൗമ്യയുടെ ഭർത്താവ് പ്രദീപ് ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സീയോൻകുന്നിലെ റബ്ബർ തോട്ടത്തിൽ തൂങ്ങിയ മരിച്ച നിലയിൽ മൃതദേഹം കണ്ടത്. പൊലീസ് ഇയാൾക്ക് വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് പ്രദീപ് ഭാര്യയേയും ഭാര്യാമാതാവിനേയും ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്ന് രാവിലെ 11.50നായിരുന്നു സംഭവം. ഏറെ നാളായി സൗമ്യയുമായി അകന്നുകഴിയുകയായിരുന്നു പ്രദീപ്. തുടർന്ന് ഇന്ന് സൗമ്യയും ബീനയും താമസിച്ചിരുന്ന വാടകവീട്ടിൽ ഇയാൽ എത്തി ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവരും തമ്മിൽ ഇതിനുമുൻപും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സൗമ്യയുടെ ബന്ധുക്കൾ പറഞ്ഞു.

വീട്ടിൽ വാക്കത്തിയുമായി എത്തിയ പ്രദീപ് സൗമ്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് അക്രമിക്കുകയുമായിരുന്നു. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ബീനക്ക് വെട്ടേറ്റത്. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ പ്രദീപ് ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സൗമ്യയെയും ബീനയെയും നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Posts